ഇറാന്‍ ആണവകരാര്‍; പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

donald trump

വാഷിങ്ടണ്‍: ഇറാന്‍ ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരായ ഉപരോധം നിര്‍ത്തിവെച്ച നടപടി പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇറാനിലെ ജീര്‍ണിച്ച സര്‍ക്കാരിന് കീഴില്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ ഇപ്പോഴത്തെ കരാര്‍ പ്രകാരം തങ്ങള്‍ക്കാവില്ലെന്ന് കരാറില്‍ നിന്നും പിന്മാറിക്കൊണ്ട് ട്രംപ് വ്യക്തമാക്കി.

ഇറാന്‍ ഉപരോധത്തിലെ അയവ് യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം ഇടപാടായാണ് ട്രംപ് കാണുന്നത്. ട്രംപിന്റെ തീരുമാനം നേരിടുമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരിയും വ്യക്തമാക്കി. യുഎസ് കരാറില്‍ നിന്ന് പിന്മാറിയാലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍ വിലയോല്ലാ സെയ്ഫ് പറഞ്ഞു.

പിന്മാറ്റം രാജ്യാന്തര കരാറുകളെ അട്ടിമറിക്കുന്നതാണ്. കരാര്‍ പ്രകാരമുള്ള കാര്യങ്ങളില്‍ നിന്ന് ഇറാന്‍ വ്യതിചലിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി, എന്നീ രാജ്യങ്ങളുമായി 2015ലാണ് ഇറാന്‍ ആണവകരാറില്‍ ഒപ്പുവെച്ചത്.

ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നുള്ളത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടിയാണ്. ആണവ കരാര്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തിനുള്‍പ്പെടെ ഇറാനുമേല്‍ പൂര്‍ണനിയന്ത്രണം കൊണ്ടുവരില്ലെന്നായിരുന്നു പരാതി. സിറിയയിലെയും യമനിലെയും ഇടപെടലില്‍ നിന്ന് ഇറാനെ തടയുന്ന കാര്യം കരാറില്‍ ഇല്ല. കരാറില്‍ ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിര്‍മാണത്തില്‍ ഇറാന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Top