Trump od Hillary; Who will be a better US president for India?

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിച്ചാലും ഹിലാരി ക്ലിന്റണ്‍ ജയിച്ചാലും ഇന്ത്യയെ സംബന്ധിച്ച് നിലവിലെ സഹകരണത്തിന് തടസ്സമാകില്ല.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരിയാണ് പ്രസിഡന്റാകുന്നതെങ്കില്‍ ഒബാമയുടെ ഭരണത്തിന്റെ തുടര്‍ച്ചയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് ആണ് അട്ടിമറി വിജയം നേടുന്നതെങ്കില്‍ അത് ലോകപൊലീസില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് തന്നെ കാരണമാകും.

ഇന്ത്യയോടുള്ള നിലവിലെ അമേരിക്കന്‍ സഹകരണം കൂടുതല്‍ ശക്തമാവാനും ഇന്ത്യന്‍ ചേരി ശക്തിപ്പെടാനും ട്രംപ് പ്രസിഡന്റായാല്‍ സാഹചര്യമൊരുങ്ങുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖര്‍ ഇന്ത്യന്‍ വംശജരാണെന്ന് കൂടി ഓര്‍ക്കണം.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിയെ പുകഴ്ത്തി രംഗത്ത് വന്ന ട്രംപിന്റെ നടപടിയും ഭീകരതക്കെതിരെ ആക്രമണം നടത്തുമെന്നുള്ള ഭീഷണിയുമെല്ലാം പാക്കിസ്ഥാനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ത്യയുടെ ഉറ്റമിത്രമായ റഷ്യന്‍ പ്രസിഡന്റുമായി ട്രംപിനുള്ള സൗഹൃദവും ശത്രുരാജ്യത്തിന്റെ ചങ്കിടിപ്പിക്കുന്നതാണ്.

റിപ്പബ്ലിക്കന്‍ മുന്നേറ്റം പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായാല്‍ ഭീകരതക്കെതിരെ അമേരിക്ക-റഷ്യ-ഇന്ത്യ സംയുക്ത ഓപ്പറേഷന്‍ എന്നത് യാഥാര്‍ത്ഥ്യമാകുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

താന്‍ ഇന്ത്യയുടെ വലിയ ആരാധകനും വലിയ സുഹൃത്തുമാണെന്ന പറഞ്ഞ ട്രംപ് താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയും ഇന്ത്യക്കാരും വൈറ്റ് ഹൗസിന്റെ യഥാര്‍ഥ മിത്രങ്ങളായിരിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്നും തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നുമാണ് ട്രംപ് പറയുന്നത്.

ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണെന്നും ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കും ആശ്ചര്യകരമായ ഭാവിയാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടിയ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാനോളം പുകഴ്ത്തിയിരുന്നു.

വലിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ മോദി ഇന്ത്യയെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചിരിക്കുകയാണ്. മോദിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇനി കഴിഞ്ഞകാല ചരിത്രം ആവര്‍ത്തിച്ച് ഡെമോക്രാറ്റുകള്‍ തന്നെ ഭരണം പിടിച്ച് ഹിലാരി പ്രസിഡന്റായാലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല.

ഒബാമ ഭരണകൂടത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഹിലാരി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടിയല്‍ പോലും പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധ ശേഖരം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക പരസ്യമായി പ്രടിപ്പിച്ച നേതാവാണ്.

പാകിസ്ഥാന്റെ കൈവശമുണ്ടെന്ന് കരുതുന്ന ആണവായുധങ്ങള്‍ ഭീകരവാദികളുടെ കൈകളിലെത്തുമെന്ന് താന്‍ ഭയക്കുന്നതായി പറഞ്ഞ ഹിലാരി ക്ലിന്റണ്‍, ഈ ആണവ ആയുധങ്ങള്‍ ഉപയോഗിച്ച് പാക് തീവ്രവാദികള്‍ ഇന്ത്യക്കെതിരെ ചാവേറാക്രമണങ്ങള്‍ സംഘടിപ്പിച്ചേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ ഇതിനായി വളരെ വേഗത്തിലാണ് വികസിക്കുന്നത്. ഒരുപക്ഷേ ജിഹാദികള്‍ പാക്ക് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈവശപ്പെടുത്തിയേക്കാം. അങ്ങനെ വന്നാല്‍ ആണവായുധങ്ങളും ജിഹാദികളുടെ കയ്യില്‍ കിട്ടും. അതോടെ ആണവ ചാവേറുകളായി അവര്‍ മാറും. ഇത് മറ്റെന്തിനേക്കാളും ഇന്ത്യയ്ക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും ഹിലരി വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ ലഭിക്കുക എന്നതും ഇന്ത്യയെ പോലെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ഒപ്പം നിര്‍ത്തുക എന്നതും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് എത്രമാത്രം പ്രിയ്യപ്പെട്ടതാണെന്ന് തുറന്നുകാട്ടുന്നതാണ് ഈ അഭിപ്രായപ്രകടനങ്ങള്‍.

ഇവരില്‍ ആര് പ്രസിഡന്റായാലും ഏഷ്യന്‍ മേഖലയിലെ ചൈനയുടെ ആധിപത്യം തകര്‍ക്കുന്നതിന് ഇന്ത്യയെ കൂടെ നിര്‍ത്തുകയല്ലാതെ മറ്റൊരു പോംവഴിയും അമേരിക്കയെ സംബന്ധിച്ചില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോള്‍ അമേരിക്കയിലേക്കാണ്.

രാജ്യത്തെ 51 സംസ്ഥാനങ്ങളില്‍ തീരദേശ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്കൊപ്പമാണെങ്കില്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഏറെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമാണ്.

ഫ്‌ളോറിഡയാവട്ടെ ഇരുവിഭാഗത്തിനും പിടി കൊടുക്കാതെ ചാഞ്ചാടി നില്‍ക്കുകയാണ്.

ഫ്‌ളോറിഡ ഏത്പക്ഷത്തേക്കാണ് ചാഞ്ചാടുക അവര്‍ക്കായിരിക്കും നേട്ടമുണ്ടാകാന്‍ പോവുന്നത്. 25 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്.

അമേരിക്കയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങളുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ഓരോ സംസ്ഥാനങ്ങളിലെയും ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ എണ്ണവും കൂടി പരിഗണിച്ചാണ്.

270 ഇലക്ടറല്‍ വോട്ടോ അതില്‍ കൂടുതലോ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയായിരിക്കും വിജയിക്കുക.

അഭിപ്രായ സര്‍വേകളില്‍ ഹിലരിക്കാണ് മുന്‍തൂക്കമെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് നിലമെച്ചപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ്‍, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിന്‍ എന്നിവര്‍ പിടിക്കുന്ന വോട്ടുകള്‍ ട്രംപിന്റെയും ഹിലരിയുടെയും വിധിയെഴുത്തില്‍ നിര്‍ണ്ണായകമാവുമെന്നാണ് വാഷിങ്ടണ്ണില്‍ നിന്നും പുറത്ത് വരുന്ന വിവരം.

Top