പാവപ്പെട്ടവരുടെ ആരോഗ്യപദ്ധതികള്‍ക്കുള്ള പണം വെട്ടിക്കുറച്ച് ട്രംപിന്റെ ആദ്യ ബജറ്റ്

വാഷിങ്ടന്‍: പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യപദ്ധതികളുടെ പണം വെട്ടിക്കുറക്കാനും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലു കെട്ടിത്തുടങ്ങാന്‍ 160 കോടി ഡോളര്‍ നീക്കിവയ്ക്കാനും നിര്‍ദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍.

മൂന്നു ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ട് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെലവിനത്തില്‍ 3.6 ലക്ഷം കോടി ഡോളര്‍ (234 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശങ്ങളാണു ബജറ്റിലുള്ളത്.

പാക്കിസ്ഥാനുള്‍പ്പെടെ രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം ഇനി മുതല്‍ സാമ്പത്തിക വായ്പയായി നല്‍കാനും നിര്‍ദേശമുണ്ട്. പാക്കിസ്ഥാന് ആയുധങ്ങളുള്‍പ്പെടെ വാങ്ങാനായി നല്‍കി വരുന്ന പണമാണ് വായ്പയായി മാറ്റാന്‍ നീക്കം.മുന്‍കാലങ്ങളിലെപ്പോലെ തന്നെ പാക്കിസ്ഥാനും ഇസ്രയേലും ഈജിപ്തും സഹായധനപ്പട്ടികയിലുണ്ടെന്നും എന്നാല്‍ സഹായധനത്തിന്റെ കാര്യത്തില്‍ ഏതാനും മാറ്റം വരുത്തിയിട്ടുണ്ടെന്നുമാണു വിശദീകരണം.

യുഎസിന്റെ സ്വന്തം സൈനികാവശ്യങ്ങള്‍ക്കു കൂടുതല്‍ പണം ചെലവഴിക്കുകയാണു ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാകുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

Top