ട്രായിയുടെ ഇടപെടല്‍ ; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക് ചാനലിന്റെ റേറ്റിംഗില്‍ വന്‍ ഇടിവ്‌

മുംബൈ: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക് ചാനലിന്റെ റേറ്റിംഗില്‍ വന്‍ ഇടിവ് നേരിട്ടതായി ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്.

ചാനല്‍ കൃത്രിമമായി സൃഷ്ടിച്ച വ്യൂവര്‍ഷിപ്പിലൂടെയാണ്, റേറ്റിംഗില്‍ ഒന്നാമതെത്തിയതെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഇടിവ് സംഭവിച്ചതെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ മാസമാദ്യം രേഖപ്പെടുത്തിയ 21.17 ലക്ഷത്തില്‍ നിന്നും, ചാനലിന്റെ വ്യൂവര്‍ഷിപ്പ് 9.97 ലക്ഷത്തിലേക്കാണ് താഴ്ന്നത്‌.

മേയ് ആറിന് സംപ്രേക്ഷണം ആരംഭിച്ച റിപ്പബ്ലിക് ചാനല്‍, ഒരു മാസത്തിനുള്ളില്‍ തന്നെ ബാര്‍ക് പ്രസിദ്ധപ്പെടുത്തുന്ന റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ആദ്യ ആഴ്ചയില്‍ 52 ശതമാനം വ്യൂവര്‍ഷിപ്പ് ലഭിച്ചെന്നാണ് ചാനല്‍ അവകാശപ്പെട്ടത്. എന്നാല്‍ വിവിധ വിഭാഗങ്ങളിലായി വ്യത്യസ്ത നമ്പറുകളില്‍, ചാനല്‍ സംപ്രക്ഷേപണം ചെയ്തായിരുന്നു റേറ്റിംഗില്‍ ഒന്നാം സ്ഥാനം നേടിയെടുത്തതെന്ന് പിന്നീട് തെളിയുകയും ചെയ്തു.നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്രോഡ്കാസ്റ്റേഴ്‌സ് ഇതിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

Top