മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി ; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

ഹൈദരാബാദ്‌: മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി.

റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഭര്‍ത്താവ് ഫോണിലൂടെ തന്നെ മൊഴി ചൊല്ലുകയായിരുന്നെന്ന് ഇരുപത്തിയേഴുകാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതായി യുവതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

കൂടാതെ വിവാഹത്തിന് മുമ്പ് പലതവണ രണ്ടു ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്നും ഇയാള്‍ വാങ്ങിയതായും യുവതി പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്യൂട്ടീഷനായ യുവതിയെ ഇയാള്‍ വിവാഹം ചെയ്തത് ഒക്ടോബര്‍ പതിനെട്ടിനായിരുന്നെന്നും, ഒരു ദിവസം പുറത്ത് പോയ ഭര്‍ത്താവ് യുവതിയെ ഫോണില്‍ വിളിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിക്കുകയുമായിരുന്നെന്നും പൊലീസ് പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 498 എ, 420 വഞ്ചന, സ്ത്രീധന നിരോധന നിയമം എന്നിങ്ങനെ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുസ്ലീങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ഈ വര്‍ഷം എത്തിയിരുന്നു.

Top