മുത്തലാഖ് വിഷയം; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി ; വിധി പിന്നീട്

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. വിധി പിന്നീട് പറയും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടന്‍ നരിമാന്‍, യു.യു. ലളിത്, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ചിനു മുന്നിലായിരുന്നു വാദം.

സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന് ഹര്‍ജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകന്‍ അമിത് ചന്ദ കോടതിയില്‍ വാദിച്ചു.

ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിര്‍ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

മുത്തലാഖ് പാപമാണെങ്കില്‍ പിന്നെ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചു.

15 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തിയ സൈറാ ബാനു, 2016ല്‍ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍, ദുബായില്‍നിന്ന് ഫോണിലൂടെ ഭര്‍ത്താവ് മൊഴിചൊല്ലിയ ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണു മുത്തലാഖ് വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ചത്.

മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

Top