മൊബൈല്‍ കമ്പനികളുടെ വമ്പിച്ച ഓഫറുകള്‍ നിരീക്ഷണവുമായി ട്രായ്‌

ജിയോ വന്നതിനുശേഷം മൊബൈല്‍ രംഗത്തു മത്സരം കനക്കുകയാണ്.

ജിയോ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മറ്റു മൊബൈല്‍ കമ്പനികളും വമ്പിച്ച ഓഫറുകളാണ് അവതരിപ്പിക്കുന്നത്.

അതേസമയം ബണ്ടില്‍ഡ് ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഉള്‍പ്പടെ ടെലികോം ഓപറേറ്റര്‍മാര്‍ നല്‍കുന്ന എല്ലാ ഓഫര്‍ പ്ലാനുകളും ട്രായിയുടെ നിരീക്ഷണത്തിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ.

ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് കുറഞ്ഞ ചിലവില്‍ ബണ്ടില്‍ഡ് ഓഫറുകളോടെ മൊബൈല്‍ ഫോണുകള്‍ വിപണയിലിറക്കുന്നതിനെ കുറിച്ചും ദിവസങ്ങള്‍ക്ക് മുമ്പ് ജിയോ അവതരിപ്പിച്ച കാഷ്ബാക്ക് ഓഫറിനെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രമവിരുദ്ധമായി കണ്ടെത്തിയാല്‍ ട്രായ് തീര്‍ച്ചയായും ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് ആ പ്ലാന്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ സാങ്കേതിക വിദ്യകളിലേക്ക് വഴിതുറക്കുമെന്നതിനാല്‍, ടെലികോം ഉപയോക്താക്കളുടെ ഉപകരണങ്ങളുടെ 4ജി വോള്‍ടി സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് ട്രായ് കാണുന്നതെന്നാണ് വിവരം.

4ജി അതിവേഗ നെറ്റ്‌വര്‍ക്കിലൂടെ പുതിയ ടെലികോം സേവനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടുള്ള റിലയന്‍സ് ജിയോയുടെ വരവ് രാജ്യത്തെ ടെലികോം രംഗത്ത് അടിമുടി മാറ്റത്തിനാണ് വഴിവെച്ചത്.

ഇന്റര്‍നെറ്റ് കേന്ദ്രീകൃതമായ ടെലികോം സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ കമ്പനികള്‍ പ്രാധാന്യം നല്‍കുന്നത്.

Top