ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി ‘ട്രായ്’

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം നിലനില്‍ക്കെ ഇന്റര്‍നെറ്റ്
ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി ട്രായ്.

ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നോട്ട് വക്കുന്നത്.

ഡാറ്റ ഉപയോഗിച്ച് ആപ്പുകള്‍ വഴി ടെലിഫോണ്‍ സേവനങ്ങള്‍ നല്‍കുന്ന അംഗീകൃത ടെലികോം സേവന ദാതാക്കള്‍ക്കാണ് ട്രായിയുടെ നിര്‍ദ്ദേശം.

വാട്‌സ്ആപ്പ്, വൈബര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാവില്ല.

ലാന്‍ഡ് ലൈന്‍ ഫോണ്‍ വിളികളെപോലെ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കും കൃത്യമായ പ്രവര്‍ത്തന രീതി നിശ്ചയിക്കണമെന്നും അതുവഴി ലാഭം കണ്ടെത്താന്‍ കഴിയണമെന്നാണ് ട്രായ് നിര്‍ദേശിക്കുന്നത്.

മൊബൈല്‍ സിഗ്‌നല്‍ ഇല്ലെങ്കിലും ഇന്റര്‍നെറ്റ് വൈഫൈ സേവനങ്ങള്‍ ഉപയോഗിച്ച് ഫോണ്‍വിളിക്കാനുള്ള സാഹചര്യമാണ് ട്രായ് ഒരുക്കുന്നത്.

ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതി ടെലികോം കമ്പനികള്‍ക്കുണ്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലെങ്കിലും വൈഫൈ വഴിയുള്ള ഫോണ്‍ കോളുകള്‍ വഴി പരിധിയില്ലാത്ത ഫോണ്‍ വിളി സാധ്യമാവും.

ജിയോ നല്‍കുന്ന വോള്‍ടി സേവനങ്ങളുടെ വരവോടെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ചുള്ള ഫോണ്‍വിളികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

ഈ മാതൃകയിലേക്ക് പ്രവര്‍ത്തനരീതി മാറ്റണമെന്ന നിര്‍ദ്ദേശമാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്.

Top