TRAI rules in favour of Net Neutrality; no differential data pricing

ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) പിന്തുണ. ഇന്റർനെറ്റ് സേവനങ്ങൾ‌ക്കു വ്യത്യസ്ത നിരക്കുകൾ ഈടാക്കാനുള്ള ഫേസ്ബുക്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ പദ്ധതി ട്രായ് തള്ളി.

വ്യത്യസ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിന് വിവേചനപരമായ നിരക്ക് പാടില്ലെന്ന് സർവീസ് ദാതാക്കൾക്ക് ട്രായ് കർശന നിർദേശം നൽകി. ഇക്കാര്യത്തിൽ സേവന ദാതാക്കൾ ഏതെങ്കിലും സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ മറ്റേതെങ്കിലും തരത്തിലോ ഒരു കരാറിലും ഏർപെടാൻ പാടില്ല. ട്രായ് നിർദേശം ലംഘിക്കുന്ന സേവന ദാതാക്കൾക്ക് പ്രതിദിനം 50,000 രൂപ പിഴ ഈടാക്കും. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയർമാൻ ആർ.എസ്.ശർമ അറിയിച്ചു.

നെറ്റ് സമത്വത്തിനു വേണ്ടി ഇന്ത്യയിൽ നിരവധി ഒാൺലൈൻ ക്യാമ്പയിനുകൾ നടന്നിരുന്നു. ഫേസ്ബുക്ക് പോലുള്ള കമ്പനികൾക്ക് ഇന്ത്യൻ ഇൻറർനെറ്റ് ലോകത്ത് ആധിപത്യമുറപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. ജനുവരി 21ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ചർച്ച സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്റർനെറ്റ് സമത്വം സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായവും തേടിയിരുന്നു. ഏതാണ്ട് 20 ലക്ഷത്തോളം മെയിലുകൾ ട്രായിക്ക് ലഭിച്ചതായാണു സൂചന.

ഇൻറനെറ്റ് സൗകര്യം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇൻറർനെറ്റ് ഒാർഗ് എന്ന പേരിൽ ഫേസ്ബുക്ക് റിലയൻസുമായി സഹകരിച്ച് കൊണ്ടുവന്ന പദ്ധതിയാണ് പിന്നീട് ‘ഫ്രീ ബേസിക്സ്’ എന്ന പേരിലേക്ക് മാറ്റിയത്. അതനുസരിച്ച് റിലയൻസ് ഉപഭോക്താക്കൾക്ക് ഫേസ്ബുക്കടക്കം 30 വെബ്സൈറ്റുകൾ തീർത്തും സന്ദർശിക്കാനാകും.

എന്നാൽ അതിനപ്പുറമുള്ള സൈറ്റുകൾ സന്ദർശിക്കുന്നതിന് പണം നൽകേണ്ടി വരും. അതേസമയം, വ്യത്യസ്ത നിരക്കുകൾ പാടില്ലെന്നും സേവന ദാതാക്കൾ എല്ലാ വെബ്സൈറ്റുകൾക്കും തുല്യ നിരക്ക് ഈടാക്കണമെന്നാവശ്യമാണ് നെറ്റ് നൂട്രാലിറ്റിക്ക് വേണ്ടി ശബ്ദിച്ചവർ ഉയർത്തിയത്. ഈ വാദമാണ് ഇപ്പോൾ ട്രായ് അംഗീകരിച്ചത്.

Top