tp senkumar-supreme court verdict

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനങ്ങളും. 56 പേജുളള വിധിപകര്‍പ്പിലാണ് കോടതിയുടെ വിമര്‍ശനങ്ങള്‍.

ഡിജിപി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കം ചെയ്ത നടപടി അന്യായവും ഏകപക്ഷീയവുമാണെന്ന് ജസ്റ്റിസ് മദന്‍ പി ലോകുറിന്റെ ബെഞ്ച് കാര്യകാരണങ്ങള്‍ സഹിതം നിരത്തുന്നു.

തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടത്താനാണ് നീക്കമെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്ന ശക്തമായ മുന്നറിയിപ്പുമായാണ് ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.

സെന്‍കുമാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് കടുത്ത അനീതിയാണെന്നാണ് കോടതി നിരീക്ഷണം. ‘അണ്‍ഫെയര്‍ ട്രീറ്റ്‌മെന്റ്’ എന്ന വാക്കാണ് കോടതി ഇതിനായി ഉപയോഗിച്ചത്.

സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തെ അംഗീകരിക്കുന്ന കോടതി ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിനെ കുറ്റപ്പെടുത്താനാകില്ലെന്നും വിധിയില്‍ പറയുന്നു. വിധിപകര്‍പ്പിന്റെ 55ാം പേജിലാണ് സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന പരാമര്‍ശം. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തും നിന്നും നീക്കം ചെയ്ത നടപടിയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി പറയുന്നു.

സര്‍ക്കാരിനായി കേസില്‍ ഹാജരായത് ഹരീഷ് സാല്‍വെയും ജി പ്രകാശുമായിരുന്നു. സെന്‍കുമാറിനായി ദുഷ്യന്ത് ദാവെയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനുമായിരുന്നു വാദിക്കാന്‍ എത്തിയത്.

ഉദ്യോഗസ്ഥന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇത്രയും കടുത്ത ഭാഷ കോടതി ഉപയോഗിച്ചത് മുന്‍പ് കേട്ടിട്ടില്ലെന്ന് ടി.പി.സെന്‍കുമാറിന്റെ അഭിഭാഷകനായ ഹാരിസ് ബീരാന്‍ പറയുന്നു. യഥാര്‍ഥ ഫയലുകള്‍ വായിച്ചപ്പോള്‍ വെട്ടലും തിരുത്തലും കണ്ടിരുന്നു. അതുകൊണ്ടായിരിക്കാം കോടതി ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. കീഴ്‌കോടതികളില്‍ സര്‍ക്കാര്‍ വാദം ജയിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയത്. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ സര്‍ക്കാര്‍ പറഞ്ഞ രണ്ടു കാരണങ്ങളും നിലനില്‍ക്കില്ലെന്നാണ് വിധിയില്‍നിന്നു വ്യക്തമാകുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു.

2006ലെ പ്രകാശ് സിങ് കേസ് വിധിപ്രകാരം എസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരു പോസ്റ്റില്‍ നിയമനം നല്‍കിയാല്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ സേവന കാലാവധി ലഭിക്കേണ്ടതാണ്. ഇതിനിടെ റിട്ടയര്‍മെന്റ് വന്നാലും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2011ല്‍ കേരള പൊലീസ് ആക്ട് നിയമസഭ പാസാക്കിയത്. എന്നാല്‍, ചില അവസരങ്ങളില്‍ ഡിജിപിയെ മാറ്റാമെന്ന ഇളവ് സംസ്ഥാനം കൊണ്ടുവന്നിരുന്നു. അത് പ്രകാരമാണ് ഡിജിപി: സെന്‍കുമാറിനെ മാറ്റിയത്. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാകുന്നതെന്നും ഹാരിസ് ബീരാന്‍ അറിയിച്ചു.

സുപ്രീം കോടതി വിധിയോടെ, സംസ്ഥാന സര്‍ക്കാര്‍ സ്ഥാനം മാറ്റിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍, കോടതി ഇടപെടലിലൂടെ തല്‍സ്ഥാനത്തേക്കു തിരികെയെത്തുന്ന അസാധാരണ സംഭവവികാസത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 30 വരെ അദ്ദേഹത്തിന് ഇതേ സ്ഥാനത്തു തുടരാമെന്നാണ് മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്

Top