ടൊയോട്ട യാരിസ് ഇന്ത്യയില്‍ പുറത്തിറങ്ങി ; വില 8.75 ലക്ഷം മുതൽ

ടൊയോട്ട യാരിസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 8.75 ലക്ഷം രൂപ മുതലാണ് പുതിയ യാരിസ് സെഡാന്റെ എക്‌സ്‌ഷോറൂം വില. ബുക്കിംഗ് പ്രഖ്യാപിച്ച വേളയില്‍ തന്നെ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടിരുന്നു. യാരിസ് ബുക്ക് ചെയ്ത ആദ്യ ആയിരം ഉപഭോക്താക്കള്‍ക്ക് കാര്‍ ഇന്നുതന്നെ ലഭിക്കുമെന്ന് ടൊയോട്ട ഉറപ്പുനല്‍കിയിട്ടുണ്ട്.

യാരിസില്‍ വകഭേദങ്ങള്‍ നാലാണ്. J, G, V, VX എന്നീ വകഭേദങ്ങളില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് പതിപ്പുകള്‍ ലഭിക്കും. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനാണ് പുതിയ യാരിസില്‍. എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് കാറില്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വകഭേദങ്ങള്‍ക്കെല്ലാം സിവിടി പതിപ്പു ലഭ്യമാണ്. 17.1 കിലോമീറ്ററാണ് യാരിസ് മാനുവല്‍ വകഭേദങ്ങളില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന മൈലേജ്. യാരിസ് സിവിടി മോഡലുകള്‍ 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.

yaris1

യാരിസില്‍ ടൊയോട്ടയുടെ ലാളിത്യം നിറഞ്ഞുകാണാം. ബമ്പറിലാണ് ഗ്രില്ല്. തലകുത്തനെയുള്ള വലിയ ട്രാപസോയിഡല്‍ ഗ്രില്ലാണ് കാറില്‍ ആദ്യം എടുത്തുപറയേണ്ടത്. ബമ്പറില്‍ സിംഹഭാവും ഗ്രില്ലാണ്. ബമ്പറിന് ഇരുവശത്തും ഏറെ താഴെയായി ഫോഗ്‌ലാമ്പുകളെ കാണാം.വളഞ്ഞു മൂര്‍ച്ചയേറി നീണ്ട പരുവത്തിലാണ് ഹെഡ്‌ലാമ്പുകളുടെ ഘടന. സൂക്ഷിച്ചു നോക്കിയാല്‍ നേര്‍ത്ത എല്‍ഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്‌ലാമ്പിന് കീഴെ കണ്ണില്‍പ്പെടും (ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം). ഹെഡ്‌ലാമ്പുകള്‍ക്ക് ഒത്ത നടുവിലാണ് ടൊയോട്ട ലോഗോ. അകത്തളത്തില്‍ ഫീച്ചുറുകളുടെ ബാഹുല്യം അനുഭവപ്പെടും. ഇരട്ടനിറമാണ് ഡാഷ്ബോര്‍ഡിന്. സില്‍വര്‍ ആക്സന്റും ഡാഷ്ബോര്‍ഡില്‍ കാണാം. പ്രത്യേക ഘടനയിലാണ് സെന്റര്‍ കണ്‍സോള്‍. ‘വാട്ടര്‍ഫൊള്‍’ ഡിസൈനെന്നാണ് ഇതിനെ ടൊയോട്ട വിശേഷിപ്പിക്കുന്നത്.

yaris2

ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ യാരിസ് വകഭേദങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതിനു പുറമെ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, മുന്‍-പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ക്യാമറ, സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനങ്ങള്‍ ഉയര്‍ന്ന യാരിസ് വകഭേദങ്ങളിലുണ്ട്. പത്തു ലക്ഷം രൂപയ്ക്ക് താഴെ സിവിടി ഗിയര്‍ബോക്‌സ് ലഭിക്കുന്ന ആദ്യ സി സെഗ്മന്റ് സെഡാനാണ് ടൊയോട്ട യാരിസ്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് എന്നിവരോടാണ് പുതിയ യാരിസിന്റെ അങ്കം.

Top