സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത്‌ ‘ടൊര്‍ണാഡോ’; 58 സൈനികര്‍ സഞ്ചരിച്ചത് ഒരു ബുള്ളറ്റില്‍

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ പുതിയ ലോകറെക്കോര്‍ഡുമായി ഇന്ത്യന്‍ കരസേന.

ബംഗളൂരുവിലെ വ്യോമസേന താവളത്തില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ 58 സൈനികരാണ് ബുള്ളറ്റിന് മേലെ സഞ്ചരിച്ചത്.

ടൊര്‍ണാഡോസ് എന്നറിയപ്പെടുന്ന ആര്‍മി സര്‍വീസ് കോര്‍പ്‌സില്‍ നിന്നുള്ള 58 അംഗ മോട്ടോര്‍സൈക്കിള്‍ സംഘമാണ് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്.

19 ലോക, ദേശീയ റെക്കോര്‍ഡുകളും ടൊര്‍ണാഡോ സംഘം സ്വന്തമാക്കിയിട്ടുണ്ട്.

2010ല്‍ ഒരു മോട്ടോര്‍ബൈക്കില്‍ 56 സൈനികര്‍ സഞ്ചരിച്ച സ്വന്തം റെക്കോര്‍ഡാണ് ഇപ്പോള്‍ ടൊര്‍ണാഡോ തിരുത്തിയിരിക്കുന്നത്.

1982ല്‍ ദില്ലിയില്‍ വെച്ച് നടന്ന ഒമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ വച്ചാണ് ടൊര്‍ണാഡോയുടെ അരങ്ങേറ്റം.
500 സിസി ബുള്ളറ്റില്‍ 1200 മീറ്റര്‍ ദൂരമാണ് ലോക റെക്കോര്‍ഡിനായി ടൊര്‍ണാഡോസ് സംഘം സഞ്ചരിച്ചത്.

യെലാങ്ക എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നുമാണ് അഭ്യാസപ്രകടനം നടന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന.

സുബേദാര്‍ റാംപാല്‍ യാദവാണ് ടൊര്‍ണാര്‍ഡോ സംഘം സഞ്ചരിച്ച ബുള്ളറ്റിനെ നിയന്ത്രിച്ചത്. മേജര്‍ ബണ്ണി ശര്‍മ്മയാണ് ബുള്ളറ്റ് അഭ്യാസത്തിന് നേതൃത്വം നല്‍കിയത്.

മോട്ടോര്‍സൈക്കിളിനു ഇരുവശത്തുമായി ബന്ധിച്ച ചെറിയ പ്ലാറ്റ്‌ഫോമിലാണു 58 അംഗ സംഘം അണിനിരന്നത്.

ആറ് മാസക്കാലത്തെ തീവ്രപരീശീലനത്തിനു ശേഷമാണ് ലോക റെക്കോര്‍ഡിനായി ടൊര്‍ണാര്‍ഡോ സംഘം പ്രകടനം നടത്തിയത്.

എഎസ്‌സി സെന്റര്‍ ആന്‍ഡ് കോളജ് കമ്മാന്‍ഡന്റ് ലെഫ്. ജനറല്‍ വിപന്‍ ഗുപ്ത, ട്രെയിനിംഗ് സെന്റര്‍ ബ്രിഗേഡിയര്‍ അശോക് ചൗധരി ഉള്‍പ്പെടുന്ന സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ടൊര്‍ണാഡോ സംഘത്തിന്റെ ലോകറെക്കോര്‍ഡ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 1000ത്തോളം അഭ്യാസപ്രകടനങ്ങളാണ് രാജ്യാന്തര തലത്തില്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സ് സംഘം കാഴ്ചവെച്ചിട്ടുള്ളത്.

Top