Toms college police investigation sabotage

കോട്ടയം: കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. 2011 ല്‍ കോളേജിലെ 25 ഓളം വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നും കേസെടുക്കണമെന്നുമുള്ള ശുപാര്‍ശയില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

അതേസമയം, പരാതികളില്‍ പുനരന്വേഷണം വേണമെന്ന രക്ഷിതാക്കളുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത പീഡനം നടുന്നവെന്ന പരാതിയുയര്‍ന്ന മറ്റക്കര ടോംസ് കോളേജിനെതിരെ ക്രൈംബ്രാഞ്ച് 2011 ല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോളേജ് ഉടമ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിലൂടെ തെളിവുകള്‍ പുറത്ത് കൊണ്ടു വരാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എ രാജന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്‍ട്രന്‍സ് എഴുതാതെ എഞ്ചിനീയറാക്കാമെന്ന വാഗ്ദാനം, നിര്‍ബന്ധമായും ഹോസ്റ്റലില്‍ താമസിക്കണമെന്ന നിബന്ധന, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമായി കൈക്കലാക്കല്‍, യോഗ്യതയില്ലാത്ത അധ്യാപകര്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ അനധികൃത ക്യാമറകളും വസ്ത്രധാരണത്തിലെ ഇടപെടലുകളും, രാത്രിയില്‍ കോളേജുടമയുടെ ഹോസ്റ്റല്‍ പരിശോധന എന്നിങ്ങനെ ഗുരുതരമായ കുറ്റം ചുമത്താവുന്ന നടപടികളാണ് മാനേജ്‌മെന്റിനെതിരെയുള്ളത്.

25 ഓളം വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ബോധ്യമായത്. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിലെ ചില ഉന്നതരാണ് കേസ് അട്ടിമറിച്ചതിന് പിന്നിലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പിന്നീട് പരാതി നല്‍കിയവര്‍ പ്രതിയാക്കപ്പെടുന്ന സ്ഥിതി വരെയുണ്ടായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

സംഭവത്തില്‍ മുഖ്യമന്ത്രി നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതായി രക്ഷിതാക്കള്‍ പറഞ്ഞു. അതിനിടെ കോളേജിനെതിരെ സാങ്കേതിക സര്‍വകലാശാല സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട സര്‍ക്കാരിന് സമര്‍പ്പിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി.

പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികളിന്‍മേല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും കോളേജ് മാനേജ് മെന്റിനെതിരായ തുടര്‍നടപടികള്‍. അതേസമയം ഒളിവിലായിരുന്ന കോളജ് ഉടമ ടോംസ് ടി ജോസഫ് ഇന്നലെ പോലീസ് സംരക്ഷണത്തില്‍ കോളേജില്‍ എത്തിയിരുന്നു

Top