To take up the challenges pinaray moves to the other party states

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരായ സംഘ പരിവാർ ഭീഷണി ഏറ്റെടുത്ത് സി പി എം.

മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് പിണറായിയെ തിരിച്ചയച്ചതിനു പിന്നാലെ കർണ്ണാടകയിലെ മംഗളൂരുവിൽ പാർട്ടി സംഘടിപ്പിച്ച മതസൗഹാർദ്ദ റാലിയിൽ പങ്കെടുക്കാൻ വന്ന പിണറായിയെ സംഘപരിവാർ തടയാൻ ശ്രമിച്ചതാണ് സി പി എം നേതൃത്വത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

മംഗളൂരുവിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സംഘ പരിവാറിന്റെ പ്രതിഷേധം ഹർത്താലിൽ മാത്രമായി ഒതുങ്ങിയതെന്നാണ് സി പി എം കേന്ദ്ര നേതൃത്യത്തിന്റെ വിലയിരുത്തൽ.

പിണറായി പോകുന്ന എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർത്താനും തടയാനുമാണ് ആർ എസ് എസ് നേതൃത്വം സംഘ പരിവാർ സംഘടനകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മംഗളൂരുവിൽ പക്ഷേ തടയുന്നതിൽ നിന്നും അവസാന നിമിഷം അവർ പിൻമാറായിരുന്നു.

കേരളത്തിൽ സംഘപരിവാർ സംഘടനാ പ്രവർത്തകർക്കെതിരായി നടക്കുന്ന കൊലപാതകങ്ങളിൽ കൊലയാളികളുടെ പക്ഷത്താണ് മുഖ്യമന്ത്രി എന്നാരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരായ വിലക്ക്.

ഇടതുപാർട്ടികൾക്ക് താരതമ്യേന സ്വാധീന കുറവുള്ള സംസ്ഥാനമാണെങ്കിലും മംഗളൂരുവിലെ പിണറായിയുടെ പരിപാടി വൻ വിജയമാവുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. പൊതുയോഗത്തിൽ ആർ എസ് എസിന് പിണറായി നൽകിയ മറുപടി കർണ്ണാടകയിലെ കോൺഗ്രസ്റ്റ് മന്ത്രി യു.ടി ഖാദറിനെ പോലും ആവേശഭരിതനാക്കിയിരുന്നു.

പിണറായിയുടെ സാന്നിധ്യം മതനിരപേക്ഷ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യത ഇല്ലാത്തവരാണ് ഹർത്താലുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

ദേശീയ മാധ്യമങ്ങളിലും മംഗളൂരുവിലെ പിണറായിയുടെ പ്രസംഗവും സംഘപരിവാറിന്റെ പ്രതിഷേധവും സജീവ ചർച്ചയായിരുന്നു.

അവസരം പ്രയോജനപ്പെടുത്തി ഇനി കൂടുതൽ സംസ്ഥാനങ്ങളിൽ പിണറായിയെ പാർട്ടിയുടെയും വർഗ്ഗ ബഹുജന സംഘടനകളുടെയും പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് സി പി എം നേതൃത്വത്തിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി മാർച്ച് 19ന് ഹൈദരാബാദിൽ സി പി എം സംഘടിപ്പിക്കുന്ന റാലിയിൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനൊപ്പം പിണറായിയെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.

രണ്ട് ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന മഹാറാലി രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂസമരത്തിന്റെ വേദിയായി മാറുമെന്നാണ് തെലുങ്കാന സി പി എം സംസ്ഥാന നേതൃത്വം പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈ വിഷയമുയർത്തി ഗ്രാമങ്ങളെ ഇളക്കിമറിച്ച് സി പി എം വ്യാപക പ്രചരണം നടത്തി വരികയായിരുന്നു.

രാജ്യത്ത് കേരളം, ത്രിപുര, ബംഗാൾ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ സി പി എമ്മിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ഇവിടെ പിണറായിക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വലിയ സംഘർഷങ്ങൾക്ക് തന്നെ കാരണമായേക്കും.

സംഘപരിവാർ വിലക്ക് ഫെഡറൽ സംവിധാനത്തിനു നേരെയുള്ള കടന്നാക്രമണമായാണ് സി പി എമ്മും മറ്റ് പ്രതിപക്ഷ പാർട്ടികളും നോക്കി കാണുന്നത്. ദേശീയ തലത്തിൽ തന്നെ വിഷയം സജീവമാക്കി നിർത്താനായാൽ അത് പാർട്ടിക്ക് ഗുണകരമായി മാറുമെന്ന പ്രതീക്ഷയിലാണ് സി പി എം നേതൃത്വം.

തെലുങ്കാനയിലെ റാലി കഴിഞ്ഞാൽ പിണറായി പങ്കെടുക്കേണ്ട മറ്റ് സംസ്ഥാനങ്ങളിലെ പരിപാടികളെ കുറിച്ച് അതാത് സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് സി പി എം കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.

ആർ എസ് എസ്ന്റെ കണ്ണിലെ കരടാണ് പിണറായി എന്നതിനാൽ അവരെ എതിർക്കുന്ന മറ്റ് സംഘടനകളുടെയും കൂട്ടായ്മകളുടെയു വിവിധ പരിപാടികളിലേക്കുള്ള ക്ഷണവും സംസ്ഥാനത്തിന് പുറത്ത് നിന്ന് ഇപ്പോൾ തന്നെ പിണറായിയെ തേടിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം വേദികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നതാണ് സി പി എംന്റെ നയം.

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറിനെയും പിണറായിയെയും ഉപയോഗപ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ ശക്തമായ ഇടത്- മതേതര ചേരി രൂപീകരിക്കാനാണ് സി പി എം നീക്കമെന്നാണ് ലഭിക്കുന്ന സൂചന.

Top