Tip worth nearly Rs 1 lakh stuns Indian restaurant in UK

അയര്‍ലന്‍ഡ്: ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഹോട്ടലുകള്‍ നിരവധിയുണ്ട് ബ്രിട്ടനില്‍ . ഭൂരിഭാഗം ആളുകളും ഭക്ഷണം ആസ്വദിച്ച് കഴിക്കാറുമുണ്ട്.

എന്നാല്‍ ഈയിടെ വടക്കന്‍ അയര്‍ലന്‍ഡിലെ ഒരു റെസ്റ്റോറന്റില്‍ നിന്നും ഇന്ത്യന്‍ രുചി അനുഭവിച്ചറിഞ്ഞ ഒരു ഉപഭോക്താവ് ടിപ്പായി നല്‍കിയത് ഒരുലക്ഷം ഇന്ത്യന്‍ രൂപയാണ്.

റെസ്റ്റോറന്റിലെ പാചകക്കാരനായ ബാബുവിന്റെ കൈപ്പുണ്യത്തിന് മുന്നിലാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ വ്യാപാരി മൂക്കും കുത്തി വീണത്.

”നല്ല ഭക്ഷണം. ദയവായി ഈ ചെറിയ സമ്മാനം സ്വീകരിക്കണം. വീണ്ടും കാണാം”. ഇതായിരുന്നു റെസ്റ്റോറന്റ് ഉടമ ല്യൂണ എകുച്ചിനും ഷെഫ് ബാബുവിനും വ്യാപാരി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ടിപ്പ് കണ്ട് ഞെട്ടിപ്പോയെന്നും റെസ്‌റ്റോറന്റ് ഉടമ പറഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് ല്യൂണ സ്ഥാപനത്തിന്റെ അമരത്തേക്ക് വരുന്നത്. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ടിപ്പാണിതെന്ന് അവര്‍ പറയുന്നു.

എന്നാല്‍ എല്ലാ ക്രെഡിറ്റും ബാബുവിനുള്ളതാണെന്നും അവര്‍ വ്യക്തമാക്കി. ”ഏറ്റവും ഗ്ലാമറുള്ളതോ, വളര്‍ന്നുവലുതാവുന്ന സ്ഥാപനമോ ഒന്നുമായിരിക്കില്ല ഞങ്ങളുടേത്.

പക്ഷേ ഞങ്ങളുടെ ഭക്ഷണവും ഭക്ഷണശാലയും ഇഷ്ടപ്പെടുന്ന നല്ല ഒരുപിടി ഉപഭോക്താക്കള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്”. റെസ്റ്റോറന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബ്രിട്ടനിലെ നാല് ബില്ല്യണ്‍ പൗണ്ട് ഇന്ത്യന്‍ ഭക്ഷണ വ്യവസായവും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ മുഖ്യ കാരണമാകട്ടെ മികച്ച പാചകക്കാരില്ലാത്തതും.

ഇക്കാരണത്താല്‍ പല ഇന്ത്യന്‍ ഭക്ഷണശാലകളും സമീപ കാലങ്ങളില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.

Top