Thursday, together with the revolutionary spirits; The wave generated new history

സാന്റിയാഗോ: വിപ്ലവ മനസ്സുകളില്‍ അഗ്നി പടര്‍ത്തിയ ഫിഡല്‍ കാസ്‌ട്രോക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഹവാനയില്‍ നിന്നും സാന്റിയാഗോയിലേക്ക് നീങ്ങുന്ന വിലാപയാത്രയും ചരിത്രമാകുന്നു.

ലക്ഷക്കണക്കിന് ജനങ്ങളാണ് കണ്ണീരോടെ പ്രിയ നേതാവിന് അന്തിമ യാത്രാമൊഴി നല്‍കാനായി ഒഴുകുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവരും, വിഗലാംഗരും വരെയുണ്ട് ഈ മനുഷ്യസാഗരത്തില്‍…

വ്യാഴാഴ്ച ആരംഭിച്ച വിലാപയാത്ര ഞായറാഴ്ചയാണ് സമാപിക്കുന്നത്.
സൈനിക ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ അട്ടിമറിക്കാന്‍ കാസ്‌ട്രോയും വിപ്ലവ നക്ഷത്രം ചെഗുവേരയും ക്യൂബയിലെത്തിയ പാതയിലൂടെയാണ് ചരിത്രയാത്ര കടന്ന് പോവുന്നത്.

fidel3

പ്രിയ നായകന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലെ റോഡരികിലും ലക്ഷക്കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്.
ലോക നേതാക്കള്‍ അടക്കമുള്ളവര്‍ ഇതിനകം തന്നെ അന്തിമ ശവസംസ്‌ക്കാരചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്യൂബയിലെത്തിക്കഴിഞ്ഞു.

fidel5

ലോകം ഇന്നുവരെ കാണാത്ത ഒരു യാത്രാമൊഴി നല്‍കിയാണ് ക്യൂബന്‍ ജനത തങ്ങളുടെ അനശ്വര നായകന് വിട ചൊല്ലുന്നത്.
ആത്മാവ് എന്ന ഒന്നുണ്ട് എന്ന് ഫിഡല്‍ വിശ്വസിക്കുന്നില്ലങ്കിലും അങ്ങിനെ ഒന്നുണ്ടെങ്കില്‍ കഴിഞ്ഞ ദിവസം തീര്‍ച്ചയായും ഫിഡലും ചെഗുവേരയും അതിഗാഢം പുണര്‍ന്നിട്ടുണ്ടാകണം.

ഫിഡലിന്റെ ചിതാഭസ്മപേടകം വ്യാഴാഴ്ച വിശ്രമിച്ചത് ചെഗുവേരയുടെ ഭൗതിക ശരീരം അടക്കം ചെയ്ത സ്മാരക സൗധത്തിലായിരുന്നു.

ക്യൂബന്‍ വിപ്ലവ നായകരായ രണ്ട് ധീര സഖാക്കള്‍… ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ഒളിപ്പോരാട്ടം നയിച്ച ഇവരുടെ ഓര്‍മ്മകളുടെ പുനഃസമാഗമമായിരുന്നു സാന്റാക്ലാരയില്‍ നടന്നത്.

fidel

1955ല്‍ മെക്‌സിക്കോയില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ഫിഡല്‍ കാസ്‌ട്രോ ചെഗുവേരയെ കണ്ടുമുട്ടുന്നത്.

തൊട്ടടുത്ത വര്‍ഷം ക്യൂബയെ മോചിപ്പിക്കുക എന്ന ദൗത്യവുമായി ഫിഡലും ചെഗുവേരയും കൂട്ടാളികളായ സഖാക്കളും ‘ഗ്രാന്‍മ’ എന്ന ബോട്ടില്‍ യാത്ര തിരിക്കുകയായിരുന്നു.

സാഹസികമായ ആ യാത്രയില്‍ മരണം മാടി വിളിച്ചെങ്കിലും അതിനെ അതിജീവിച്ച് അവര്‍ ക്യൂബന്‍ തീരത്തെത്തി.
എന്നാല്‍ ബാറ്റിസ്റ്റയുടെ സൈന്യം സഖാക്കളെ തുരത്തിയോടിച്ചു.പോരാളികളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു.

പിന്നീട് മലനിരകളിലെ കാട്ടില്‍ ഒളിച്ചിരുന്നാണ് ഫിഡലും ചെഗുവേരയും ഒളിപ്പോരാട്ടം തുടര്‍ന്നത്.

1958ല്‍ സാന്റാക്ലാരയില്‍ നടന്ന പോരാട്ടത്തില്‍ ചെഗുവേരയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ നിര്‍ണ്ണായക വിജയം വരിച്ചു. ക്യൂബന്‍ വിപ്ലവത്തിലെ നാഴികകല്ലായിരുന്നു അത്.

1959ല്‍ ഏകാധിപതി ബാറ്റിസ്റ്റയുടെ സൈന്യം ഫിഡലിനും ചെഗുവേരക്കും മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഫിഡല്‍ കാസ്‌ട്രോ പ്രഥമ രാഷ്ര തലവനായി അധികാരമേറ്റു.

castro1

ചെഗുവേരക്ക് സര്‍ക്കാരില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കിയെങ്കിലും നാട് ഭരിക്കാന്‍ ഫിഡലിനെ ചുമതലപെടുത്തി ബൊളീവിയന്‍ പോരാട്ടത്തിനായി ചെഗുവേര ക്യൂബയോട് വിട പറയുകയായിരുന്നു.

അവിടെ രക്ത രൂക്ഷിത പോരാട്ടത്തിനൊടുവില്‍ ചെഗുവേര രക്തസാക്ഷിയായി. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ചെഗുവേരയുടെ ഭൗതികാവശിഷ്ടം ബൊളീവിയയില്‍ നിന്നും കണ്ടെത്തി സാന്റാക്ലാരായിലെത്തിച്ചത്.

ഇവിടെ ചെഗുവേര മ്യൂസിയവും സ്മാരകസൗധവുമുണ്ട്. പ്രിയ സഖാക്കളുടെ ആത്മാക്കള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും സന്തോഷിച്ച ദിവസമായിരിക്കും വ്യാഴാഴ്ച. വൈകാരികമായ ആ സംഗമം സ്വപ്നത്തില്‍ ദര്‍ശിക്കുകയാണിപ്പോള്‍ ക്യൂബന്‍ ജനത.

ചോരയില്‍ സ്വപ്നങ്ങള്‍ വിരിയിച്ച ധീരസഖാക്കളുടെ പുനഃസമാഗമം…

Top