ഏഴു മിനിറ്റിനിടെ മൂന്ന് ഗോള്‍; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക്‌ മികച്ച വിജയം

ചെന്നൈ: കൊല്‍ക്കത്ത- ചെന്നൈ എഫ്.സി. ഐഎസ്എല്‍ മത്സരത്തില്‍ ഏഴു മിനിറ്റിനിടെ മൂന്നു ഗോളടിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചെന്നൈ കീഴടക്കി.

രണ്ടിനെതിരെ മൂന്നു ഗോള്‍ നേടി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ വിജയകൊടി പാറിച്ചു. 65-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയിലൂടെ ചെന്നൈ ലീഡ് സ്വന്തമാക്കി.

അതേസമയം സെക്യൂനയിലൂടെ 77-ാം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത ചെന്നൈ ഏഴു മിനിറ്റിന് ശേഷം വീണ്ടും ലീഡ് നേടി. കാല്‍ഡെറോണായിരുന്നു ലീഡ് തിരിച്ചു പിടിച്ചത്.

ആവേശം ചോരാതെ നിശ്ചിത സമയത്തിന് ഒരു മിനിറ്റ് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത സമനില ഗോള്‍ നേടി. ഫിന്‍ലന്‍ഡ് താരം നിയാസി കുക്യി ആയിരുന്നു ഗോള്‍സ്‌കോറര്‍.

91-ാം മിനിറ്റില്‍ ജെജെയിലൂടെ ചെന്നൈ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഐഎസ്എല്ലിലെ മൂന്നാം വിജയം കരസ്ഥമാക്കി.

ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു തോല്‍വിയുമായി ചെന്നൈയ്ക്ക് ഒമ്പത് പോയിന്റായി. നാല് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയ്ക്ക് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.

Top