അന്ന് . . ജീവന്‍ റിപ്പോര്‍ട്ട് ചെയ്തത് ആരും ശ്രദ്ധിച്ചില്ല , ഇപ്പോള്‍ കോടതി പറഞ്ഞപ്പോള്‍ . .

anupama_jeevan

തിരുവനന്തപുരം: കൈരളി പീപ്പിള്‍ ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാര്‍ ആ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ അവഗണിച്ചവര്‍ ഇപ്പോള്‍ കോടതിയുടെ നിലപാട് വന്നതോടെ ഞെട്ടിയിരിക്കുകയാണ്. കൈരളി സി.പി.എം അനുകൂല ചാനലായതിനാല്‍ തോമസ് ചാണ്ടി സ്‌പോണ്‍സേഡ് വാര്‍ത്തയാണ് ‘കയ്യേറ്റ’ വിഷയത്തില്‍ നല്‍കിയതെന്ന് അധിക്ഷേപിച്ചവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ . .

തോമസ് ചാണ്ടിയെന്ന മുന്‍ ഗതാഗത മന്ത്രി വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൈരളി ചീഫ് റിപ്പോര്‍ട്ടര്‍ എസ്. ജീവന്‍ കുമാര്‍ പരിശോധിച്ചത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ ഈ മാധ്യമ പ്രവര്‍ത്തകന് ഒരു കാര്യം വ്യക്തമായി കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ വലിയ ചില പൊരുത്തകേടുകള്‍ ഉണ്ടെന്ന്.

റവന്യു നടപടി ക്രമങ്ങളില്‍ പ്രാഥമിക ധാരണ പോലും ഇല്ലാത്ത ആരോ ഒരാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടെന്നാണ് തനിക്ക് തോന്നിയതെന്നാണ് ജീവന്‍ കുമാര്‍ പറയുന്നത് . എല്ലാ മാധ്യമങ്ങളും ഏകപക്ഷീയമായി തോമസ് ചാണ്ടിക്കെതിരെ വാര്‍ത്ത അടിക്കുന്ന കാലമായിരുന്നതിനാല്‍ ആശങ്കയോടെയാണ് ഈ വാര്‍ത്ത കൈരളി പീപ്പിളിലൂടെ ജീവന്‍ ബ്രേക്ക് ചെയ്തത്.

റവന്യു റിപ്പോര്‍ട്ടിലെ പൊരുത്തക്കേട് ചൂണ്ടി കാട്ടി വാര്‍ത്ത ചെയ്താല്‍ തോമസ് ചാണ്ടി വിഷയത്തില്‍ നിക്ഷിപ്ത താല്‍പര്യം ഉണ്ടോ എന്ന് ആരെങ്കിലും സംശയിക്കപ്പെടുമെന്ന ഭയവും, വാര്‍ത്ത കൈയ്യില്‍ കിട്ടിയാല്‍ ‘അടയിരിക്കുന്ന’ ജീവന്റെ പതിവ് സ്വഭാവവും കൂടിയായപ്പോള്‍ വൈകിയാണ് പുറം ലോകം ഈ വാര്‍ത്ത അറിഞ്ഞത്.

തോമസ് ചാണ്ടി ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി വെച്ച് മൂന്നാം ദിനം പൊടി പിടിച്ച് കിടന്ന രേഖകള്‍ തപ്പിയെടുത്താണ് വാര്‍ത്തയടിച്ചത്. സര്‍വ്വെ നമ്പരിലെ പൊരുത്തക്കേടുകള്‍ ആയിരുന്നു വാര്‍ത്തയുടെ മുഖ്യ ഇനം. ജീവന്‍ കുമാര്‍ 102 ദിവസം മുമ്പ് വാര്‍ത്തയിലൂടെ പറയാന്‍ ശ്രമിച്ചതാണ് ഹൈക്കോടതി ഇന്ന് കുറച്ചു കൂടി രൂക്ഷമായി ചോദിച്ചിരിക്കുന്നത്.

” കളക്ടര്‍ എല്‍.കെ.ജിയിലാണോ പഠിക്കുന്നതെന്ന് ”.

102 ദിവസങ്ങള്‍ക്ക് മുന്‍പ് കൈരളി ചെയ്ത വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം;

തിരുവനന്തപുരം: ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയിലേക്ക്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ചൂണ്ടികാട്ടിയാവും സുപ്രീം കോടതിയെ സമീപ്പിക്കുക .

ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കൈയ്യേറി എന്ന് പറയുന്ന സ്ഥലത്തിന്റെ ഉടമ മറ്റൊരാള്‍. ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കൊബുംകുഴി പാടശേഖരത്തിലെ തോമസ് ചാണ്ടിയുടെ സ്വകാര്യ വസ്തു റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുളളതെന്ന് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തു.

തോമസ് ചാണ്ടിയുടെ പേരിലുളള സ്ഥലം എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തിന്റെ സര്‍വ്വെ നമ്പരും തെറ്റ് .കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പിഴവുകള്‍ ചൂണ്ടികാട്ടി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. തന്റെ രാജിക്ക് ആധാരമായ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടനീളം പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടികാട്ടിയാവും തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപ്പിക്കുക.

കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിലെ അഞ്ച്,ആറ് പേജുകളിലെ കണ്ടെത്തലുകള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. പേജ് അഞ്ചില്‍ കളക്ടറുടെ പരാമാര്‍ശം ഇങ്ങനെയാണ്, ബ്‌ളോക്ക് 81 ല്‍ റീസര്‍വ്വെ 36 പെട്ട നിലം ഭൈരവനെന്നയാള്‍ തോമസ് ചാണ്ടിക്ക് കൈമാറ്റം ചെയ്തു എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്ന് ടിവി അനുപമ എഴുതിയിരിക്കുന്നു .

എന്നാല്‍, 2005-ല്‍ ഭൈരവനില്‍ നിന്ന് വാട്ടര്‍വേള്‍ഡ് കമ്പനി വാങ്ങിയ സ്ഥലം 2007-ല്‍ ശങ്കരമംഗലത്തില്‍ ജോണ്‍ മാത്യു എന്നയാള്‍ക്ക് വിറ്റതാണെന്നാണ് തോമസ് ചാണ്ടിയുടെ വാദം. റവന്യുരേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്ന് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കും.

കളക്ടറുടെ റിപ്പോര്‍ട്ടിലെ ആറാം പേജില്‍ ബ്ലോക്ക് 78-ല്‍ റീസര്‍വ്വെ 10-ല്‍ പെട്ട സ്ഥലം തോമസ് ചാണ്ടിയുടെ പേരിലാണെന്നും കളക്ടര്‍ അനുപമ എഴുതിയിതിലും വസ്തുതാപരമായ പിശകുണ്ട്. ഈ സ്ഥലത്തിന്റെ ഉടമസ്ഥനും തോമസ് ചാണ്ടിയല്ല. വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ എക്‌സ് മാത്യു 1998-ല്‍ വാങ്ങിയ സ്ഥലമെന്നാണ് റവന്യുരേഖകള്‍ തെളിക്കുന്നത്.

ലേക്ക് പാലസ് കമ്പനിയുടെ കൂട്ടുത്തരവാദിത്വത്തലുളള സ്ഥലം തന്റെ സ്വകാര്യ സ്ഥലമെന്ന പേരില്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തത് തെറ്റിധാരണാ ജനകമാണെന്നാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കുക. വലിയകുളത്ത് നിന്ന് സീറോ ജെട്ടിയിലേക്ക് വരുന്ന റോഡില്‍ ഈ രണ്ട് സ്ഥലങ്ങളും ഗ്രാവല്‍ ഇട്ട് നിലം നികത്തി എന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

റോഡ് നിര്‍മ്മാണത്തിനായി നിലം താല്‍കാലികമായി നികത്താന്‍ റവന്യു അധികാരികള്‍ തന്നെ റോഡ് നിര്‍മ്മാണ കമ്മിറ്റിക്ക് അനുമതി നല്‍കിയതിനാല്‍ താന്‍ എങ്ങനെ തെറ്റുകാരനാകുമെന്നാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഉന്നയിക്കുക .

റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ഉളള ഭൂമിക്കൊപ്പം തോമസ് ചാണ്ടിയുടെ പേരിലുളള സ്വകാര്യ സ്വത്ത് കൂട്ടികലര്‍ത്തി എഴുതിയത് തെറ്റിധാരണയ്ക്ക് ഇടയാക്കിയെന്നും തോമസ് ചാണ്ടി സുപ്രീകോടതിയില്‍ ചൂണ്ടികാട്ടും.

കരിവേലി പാടശേഖരത്ത് സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് എതാണ്ട് ഒരു കിലോമീറ്റര്‍ മാറി കൊബുംകുഴി പാടശേഖരത്ത് ഉളള 90,84 എന്നീ സര്‍വ്വേ നമ്പരിലെ രണ്ട് നിലങ്ങള്‍ തന്റെ സ്വകാര്യ സ്വത്താണെന്നും, അതിന് ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധമില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം .

ഒപ്പം മാത്തൂര്‍ ദേവസ്വം ഭൂമി പ്രശ്‌നത്തില്‍ തന്റെ എതിര്‍കക്ഷിക്ക് വേണ്ടി അന്ന് ഹാജരായ അന്നത്തെ അഭിഭാഷകനായ ദേവന്‍ രാമചന്ദ്രനാണ് തന്റെ കേസ് ഹൈക്കോടതിയില്‍ കേള്‍ക്കുകയും തന്റെ രാജിയിലേക്ക് നയിച്ച പരാമര്‍ശങ്ങള്‍ നടത്തിയതെന്നും തോമസ് ചാണ്ടി സുപ്രീകോടതിയില്‍ ചൂണ്ടികാട്ടും.

റിപ്പോര്‍ട്ട്: സൗമ്യ രഞ്ജിത്ത്

Top