ജയരാജന്‍ പാര്‍ട്ടിക്ക് ‘അതീതനാണെങ്കില്‍’ മന്ത്രി ചാണ്ടി മുന്നണിക്ക് അതീതനല്ലേന്ന് ?

തിരുവനന്തപുരം: ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന സി.പി.എം തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ നയത്തിനെതിരെ പാര്‍ട്ടി അണികളില്‍ പോലും പ്രതിഷേധം വ്യാപകമാകുന്നു.

പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നു എന്ന കുറ്റം ചാര്‍ത്തി സ്വന്തം ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ച് ജീവിക്കുന്ന രക്തസാക്ഷി പി. ജയരാജനെതിരെ നീങ്ങിയ പാര്‍ട്ടി കമ്മറ്റി എന്തിനാണ് കോടീശ്വര മന്ത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാതിരുന്നതെന്നാണ് അണികള്‍ക്കിടയിലെ ചോദ്യം.

ജയരാജന്‍ വിഷയം ചര്‍ച്ച ചെയ്ത സി.പി.എം സംസ്ഥാന കമ്മറ്റി തോമസ് ചാണ്ടി രാജിവയക്കണമെന്ന് കര്‍ശന നിലപാട് എടുത്തിരുന്നെങ്കില്‍ അതാകുമായിരുന്നു ഏറ്റവും ധീരമായ തീരുമാനമെന്നാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ട്ടിക്ക് അതീതനായി ഒരു നേതാവ് വളരുന്നത് തെറ്റാണെന്ന് കണ്ടെത്തിയ സിപിഎം, മുന്നണിക്കും മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും പ്രഖ്യാപിത നയങ്ങള്‍ക്കെതിരായി അധികാര ദുര്‍വിനിയോഗം നടത്തുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന മന്ത്രി തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്ന് പറയാത്തതും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തതിലുമാണ് അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്.

ഗോവയില്‍ ബി.ജെ.പിക്ക് ഒപ്പവും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിനൊപ്പവും നില്‍ക്കുന്ന എന്‍.സി.പിയെ ഇടതുപക്ഷ മുന്നണിയില്‍ നിലനിര്‍ത്തുന്നത് തന്നെ വലിയ തെറ്റാണെന്നാണ് സി.പി.എം, സി.പി.ഐ അണികള്‍ക്കിടയിലെ പൊതു വികാരം.

കേരളത്തില്‍ ഏതാനും നേതാക്കള്‍ അല്ലാതെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഒറ്റക്ക് ജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിയെ പേടിച്ചിട്ടല്ല മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാത്തതെന്ന് അംഗീകരിക്കുമ്പോഴും എന്തുകൊണ്ട് സി.പി.എം ശക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നില്ല എന്ന അണികളുടെ ചോദ്യത്തിനു മുന്നില്‍ നേതൃത്വത്തിനും ഉത്തരമില്ല.

കളക്ടറുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാട് ഘടക കക്ഷിയായ സി.പി.ഐ സ്വീകരിച്ചിട്ടു പോലും സി.പി.എം ഇപ്പോഴും അത്തരമൊരു നിലപാട് സ്വീകരിക്കാത്തതിലാണ് അണികള്‍ക്ക് നിരാശ.

സി.പി.എമ്മുകാര്‍ മോശക്കാരും സി.പി.ഐ കൃത്യമായ നിലപാട് ഉള്ള അഴിമതി വിരുദ്ധ പ്രതിച്ഛായക്കാര്‍ ആയും വിലയിരുത്തപ്പെടുന്നതിലും സി.പി.എം അണികള്‍ രോഷാകുലരാണ്.

സി.പി.എം ഏരിയ-ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ നേതൃത്വത്തെ നിര്‍ത്തി പൊരിക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം.

Top