സിറിയയിലെ അമേരിക്കന്‍ വ്യോമാക്രമണം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വാഷിങ്ടണ്‍: സിറിയയിലെ ദൂമയില്‍ അസദ് സര്‍ക്കാര്‍ നടത്തിയ രാസായുധാക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന വാഗ്ദാനം അമേരിക്ക പാലിച്ചു. ബ്രിട്ടനും ഫ്രാന്‍സിനുമൊപ്പം കഴിഞ്ഞ ദിവസമാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദുമായി സഖ്യമുള്ള റഷ്യ, തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണത്തിന് ചില പ്രധാനമാനങ്ങളുണ്ട്, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആക്രമണങ്ങളുടെ ലക്ഷ്യം?

syria-chemical-attack

ഏപ്രില്‍ ഏഴിന് ദൂമയില്‍ നടന്ന രാസായുധപ്രയോഗം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് ഫ്രാന്‍സ് വിലയിരുത്തിയത്. രാസായുധാക്രമണത്തിനുള്ള ശക്തമായ തിരിച്ചടിയായിരുന്നു വ്യോമാക്രമണം. രാസായുധനിര്‍മാണം, പ്രചാരണം, ഉപയോഗം എന്നിവക്കെതിരെയുള്ള ശക്തമായ നിലപാട് കൂടി സിറിയയെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു.

എത്ര മിസൈലുകളാണ് സിറിയയില്‍ പതിച്ചത്?

syria

പെന്റഗണ്‍ നല്‍കുന്ന വിവരമനുസരിച്ച് 100ഓളം മിസൈലുകളാണ് കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്റെ ഭാഗമായി സിറിയയില്‍ പതിച്ചത്. സിറിയന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 30ഓളം മിസൈലുകളാണ് പതിച്ചതെന്നും അവയില്‍ ചിലത് വെടിവെച്ചിട്ടെന്നും പറയുന്നു.

എന്ത് തരം മിസൈലുകള്‍?

syria

ടൊമാഹോക് ക്രൂയിസ് മിസൈലുകളാണ് സിറിയയില്‍ അമേരിക്ക ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം സിറിയയില്‍ നടത്തിയ ആക്രമണത്തിലും അമേരിക്ക ഇതേ മിസൈലുകളാണ് ഉപയോഗിച്ചത്.

ലക്ഷ്യം?

syria

രാസായുധനിര്‍മാണവുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളായിരുന്നു ലക്ഷ്യം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള ശാസ്ത്രഗവേഷണകേന്ദ്രമായിരുന്നു അതില്‍ ആദ്യത്തേത്. ഇവിടെ രാസായുധനിര്‍മാണം നടക്കുന്നുണ്ടെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.

ഹോംസിനടുത്തെ രാസായുധ സംഭരണശാലയായിരുന്നു രണ്ടാമത്തേത്. ദമാസ്‌കസിനടുത്തെ മറ്റൊരു കേന്ദ്രവും അമേരിക്കയുടെ ലിസ്റ്റിലുണ്ടായിരുന്നു.

റഷ്യ എങ്ങനെ പ്രതികരിച്ചു?

putin.jpg.image.784.410

അമേരിക്കയുടെ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് റഷ്യ പ്രതികരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അപമാനിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. ലോകത്ത് ഏറ്റവുമധികം രാസായുധങ്ങള്‍ സംഭരിച്ചിട്ടുള്ളത് അമേരിക്കയാണെന്നും, അവര്‍ക്ക് മറ്റ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ അധികാരമില്ലെന്നും റഷ്യയുടെ പ്രതികരണത്തില്‍ പറയുന്നു.

അമേരിക്കയുടെ വ്യോമാക്രമണത്തിന് റഷ്യ എങ്ങനെയായിരിക്കും തിരിച്ചടി നല്‍കുക എന്നാണ് ഇനി അറിയേണ്ടത്.

Top