ജിയോ ഓഫറില്‍ വീഴുന്നതിന് മുന്‍പ് അറിഞ്ഞിരിക്കണം ഈ ന്യൂനതകള്‍

രിധിയില്ലാത്ത അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ മാസ്മരികത കാട്ടി മോഹിപ്പിച്ച റിലയന്‍സ് ജിയോ സൗജന്യങ്ങള്‍ കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം ഇതിനോടകം കോടികളാക്കി കഴിഞ്ഞു.

നിലനില്‍പ്പിനായി മറ്റു കമ്പനികളെയും സൗജന്യത്തിന്റെയും വിലക്കുറവിന്റെയും പാതയിലേക്ക് ഇറങ്ങിവരാന്‍ നിര്‍ബന്ധിതരാക്കി ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചത് ജിയോ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കമ്പനികളുടെ കൊള്ളയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാണത്.

ഇപ്പോഴിതാ സൗജന്യ ഫോണുമായാണ് ജിയോയുടെ വരവ്. 1500 രൂപ ആദ്യം നല്‍കണമെങ്കിലും മൂന്നു വര്‍ഷത്തിന് ശേഷം ഈ തുക ഉപഭോക്താവിന് തിരികെ കിട്ടുമെന്നാണ് റിലയന്‍സ് ഉറപ്പ് നല്‍കുന്നത്.

ഒറ്റനോട്ടത്തില്‍ അതീവ ആകര്‍ഷകമാണ് ജിയോയുടെ ഈ ഓഫര്‍ എങ്കിലും അറിഞ്ഞിരിക്കേണ്ട ചില ന്യൂനതകളും ഫോണിനുണ്ട്.

പരിധികളില്ലാത്ത 4ജി ഡാറ്റ ഉപയോഗം എന്നാണ് ഈ സൗജന്യ ഫോണിനൊപ്പമുള്ള വാഗ്ദാനമെങ്കിലും 500 എംബി മാത്രമാണ് 4ജി വേഗതയില്‍ ഒരു ദിവസം ഉപഭോക്താവിന് ഉപയോഗിക്കാന്‍ കഴിയുക എന്നതാണ് വാസ്തവം.

500 എംബി കഴിഞ്ഞാല്‍ പിന്നെ 2ജി വേഗതയിലേക്ക് കുറയും. 154 രൂപയുടെ റീചാര്‍ജ് പ്ലാനിലാണ് ഈ പ്രശ്‌നം നേരിടേണ്ടി വരുക. ഇതേസമയം, 309 രൂപയുടെ പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 56 ദിവസത്തെ കാലാവധിയില്‍ പ്രതിദിനം ഒരു ജിബി വരെ 4ജി ഡാറ്റ ലഭിക്കും.

ഇന്ന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ് ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യില്ല എന്നതാണ് മറ്റൊരു പ്രധാന ന്യൂനത.

അതേസമയം, വാട്‌സ്ആപ്പ് വൈകാതെ ലഭ്യമാക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെങ്കിലും, ഇത് എന്നുണ്ടാകും എന്ന ചോദ്യത്തിന് മാത്രം കൃത്യമായ ഉത്തരമില്ല.

പകരം ജിയോ ചാറ്റ് പോലുള്ള ആപ്പുകളാണ് റിലയന്‍സ് പ്രോത്സാഹിപ്പിക്കുന്നതെന്നതും ബിസിനസ് തന്ത്രമാണെന്നതില്‍ സംശയമില്ല.

ഇത് എത്രത്തോളം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. രാത്രിയില്‍ പരിധികളില്ലാത്ത ഡാറ്റ ഉപഭോഗമാണ് ജിയോ വാഗ്ദാനം ചെയ്യുന്നതെങ്കിലും രാത്രി 2 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് ഇതിന്റെ സമയപരിധി എന്നതും ഓഫറിനായി എടുത്ത് ചാടുന്നതിന് മുന്‍പ് അറിഞ്ഞിരിക്കണം.

Top