മൂന്ന് വർഷത്തെ ഭരണത്തിൽ ഒരു അഴിമതി ആരോപണം പോലും ഉണ്ടായില്ല;അമിത് ഷാ

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ഭരണത്തില്‍ ചെറിയ ഒരു അഴിമതി ആരോപണം പോലും കേന്ദ്ര സര്‍ക്കറിനെതിരെ ഉയര്‍ന്നിട്ടില്ലന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ.

ഇതുവരെ രാജ്യത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും സ്ഥിരതയുള്ളതും സുതാര്യവുമായ സര്‍ക്കാരാണ് എന്‍ഡിഎയുടേത്.കുടുംബവാഴ്ചയും രാഷ്ട്രീയ പ്രീണനവും അവസാനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 70 വര്‍ഷത്തെ ഭരണത്തിനിടെ സ്വന്തമാക്കാനാകാതെ പോയ കാര്യങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ വളരെ കുറഞ്ഞ കാലയളവില്‍ നേടിയത്. തൊഴില്‍ മേഖലയ്ക്ക് പുതിയ വീക്ഷണം നല്‍കുന്നതിനാണ് ഞങ്ങളുടെ ശ്രമം. സ്വയം തൊഴില്‍ നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങള്‍. എട്ടു കോടി ജനങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിന്റെ സഹായത്തോടെ സ്വയം തൊഴില്‍ നേടിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രണ്ടു കോടി യുവാക്കള്‍ക്ക് വര്‍ഷംതോറും തൊഴില്‍ നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതെന്നും, എന്നാല്‍ 1.35 ലക്ഷം പേര്‍ക്കു മാത്രമാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചതെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയുടെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നയമില്ലായ്മയും അഴിമതി പട്ടികയുമാണ് നേരത്തെ രാഷ്ട്രീയത്തെ വിലയിരുത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് യുപിഎ സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് ഷാ പറഞ്ഞു. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ യാതൊരു വിധത്തിലുമുള്ള അഴിമതിയും ആരോപിക്കാന്‍ പ്രതിപക്ഷത്തിനായിട്ടില്ലെന്നും ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു.

Top