സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല ; ജാഗ്രതാനിർദേശം പിൻവലിച്ചു

heavy rain

കൊച്ചി : കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. അധികജലം ഒഴുക്കാന്‍ ആനത്തോട് കൊച്ചു പമ്പ ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്‍മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണു പ്രധാനമായും ജനങ്ങള്‍ പുറത്തേക്കു വരാനുള്ളത്. തിരുവന്‍വണ്ടൂര്‍, കല്ലിശേരി, എനക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെളളക്കെട്ടുണ്ട്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.

എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലുവ തുരുത്ത്, ചെമ്പകശേരി, തോട്ടുമുഖം, ദേശം തുടങ്ങിയ പ്രദേശങ്ങളില്‍ കെടുതി തുടരുന്നു. തൃശൂരിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഗ്രാമങ്ങളായ ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങിവയിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നുണ്ട്.

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെചേരും.

Top