ജലവൈദ്യുത പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്ന് ലോക ബാങ്ക്

ന്യൂഡല്‍ഹി: സിന്ധു നദീ ജല കരാര്‍ അനുസരിച്ച് ഝലം, ഛിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ ജലവൈദ്യുത പദ്ധതികള്‍ ഇന്ത്യക്ക് നടപ്പിലാക്കാമെന്ന് ലോക ബാങ്ക്.

കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിനെതിരെ പാക്കിസ്ഥാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.

എന്നാല്‍ പദ്ധതിയുമായി ഇന്ത്യക്ക് മുന്നോട്ട് പോകാമെന്ന് സിന്ധു നദീജല കരാറില്‍ ഇരുരാജ്യങ്ങളുടെയും സെക്രട്ടറിതല ചര്‍ച്ചയ്ക്ക് ശേഷം ലോക ബാങ്ക് വ്യക്തമാക്കി.

സിന്ധു നദീജല കരാര്‍ പ്രകാരം ഝലം, ഛിനാബ് നദികള്‍ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളവയാണ്. അതേസമയം ഇവയില്‍ ഇന്ത്യക്ക് ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാമെന്നും കരാറില്‍ പറയുന്നു.

പദ്ധതികളുടെ രൂപരേഖ പരിശോധിച്ച് മധ്യസ്ഥത വഹിക്കണമെന്ന് പാക്കിസ്ഥാന്‍ ലോകബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. നിക്ഷ്പക്ഷമായ പരിശോധനയാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന ആവശ്യത്തിലാണ് ഇന്ത്യയും. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

ലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാക്കിസ്ഥാനും 1960 ല്‍ സിന്ധു നദീജലകരാറില്‍ ഒപ്പുവെച്ചത്. ഇതനുസരിച്ച് കിഴക്കന്‍ നിദികളായ ബിയാസ്, സത്‌ലജ്, രവി എന്നിവയുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ഛിനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്.

Top