The witness asked the Election Commission reported that Maharaj’s controversial remarks

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിനോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരെയും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകര്‍ക്കെതിരെയും പൊലീസ് കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയ പരിപാടിക്ക് പൊലീസിന്റെ അനുമതി വാങ്ങിയില്ലെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാല്‍പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവര്‍ ഉള്ളതുകൊണ്ടാണ്.

ഇതിനാല്‍ ഏക സിവില്‍ കോഡ് സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കണം എന്നായിരുന്നു സാക്ഷിയുടെ പ്രസ്താവന.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എം.പിയുടെ വിദ്വേഷ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ബി.ജെ.പി എം.പി മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങ് പറഞ്ഞു.

നിരന്തരം മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന മഹാരാജിനെ പാര്‍ലമെന്റില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top