പാക്കിസ്ഥാന് 25.5 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ അമേരിക്കയുടെ തീരുമാനം

donald trump

വാഷിങ്ടണ്‍: ഉപാധികളോടെ പാക്കിസ്ഥാന് 25.5 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ അമേരിക്കയുടെ തീരുമാനം.

തീവ്രവാദം നേരിടുന്ന കാര്യത്തില്‍ പാക്കിസ്ഥാനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താനുള്ള യു.എസ് നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് ഈ തുക ഉപയോഗിക്കാന്‍ സാധിക്കൂ എന്നാണ് ഉപാധി.

അഫ്ഗാനിസ്ഥാനിലും മറ്റ് അയല്‍ രാജ്യങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘങ്ങളുടെ ശൃംഖലകളെ ദുര്‍ബലപ്പെടുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സൈനിക സഹായമായി നല്‍കുന്ന തുക പാകിസ്താന് ഉപയോഗപ്പെടുത്താനാവൂ എന്നും അമേരിക്ക വ്യക്തമാക്കുന്നു.

ബുധനാഴ്ചയാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സഹായം സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിനെ ഇക്കാര്യം അറിയിച്ചത്.

യു.എസില്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സാഹയം വാങ്ങിയ പാക്കിസ്ഥാന്‍ തങ്ങള്‍ തിരയുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.

അതിനെതിരെ പാക്കിസ്ഥാന്‍ പ്രമേയവും പാസാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അമേരിക്കയുമായി നടക്കേണ്ടിയിരുന്ന മൂന്ന് ഉന്നതതല കൂടിക്കാഴ്ചകളും പാകിസ്താന്‍ റദ്ദാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‌ അമേരിക്കയുടെ സൈനിക സഹായം.

Top