ഗുജറാത്തില്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി സുസുകി മോട്ടോര്‍ കോര്‍പ്പ്

ന്യൂഡല്‍ഹി: മാരുതിയുടെ ജാപ്പനീസ് പങ്കാളിയായ സുസുകി മോട്ടോര്‍ കോര്‍പ്പ് ഗുജറാത്തിലെ ഹന്‍സാല്‍പുരില്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും.

ഡെന്‍സോ, തോഷിബ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

2020-ഓടെ ബാറ്ററി നിര്‍മ്മാണം ആരംഭിക്കുമെന്ന് സുസുകി ചെയര്‍മാന്‍ ഒസാമു സുസുകി പറഞ്ഞു.

സുസുകിയുടെ പങ്കാളികള്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റിനായി 1,151 കോടി രൂപയുടെ നിക്ഷേപം നടത്തും.

ഡെന്‍സോയുടെ സാങ്കേതികവിദ്യയില്‍ തോഷിബ സെല്‍ മൊഡ്യൂള്‍ നിര്‍മ്മിക്കും, സുസുകി ഇത് കാറുകളില്‍ ഉപയോഗിക്കും.

പ്രതിവര്‍ഷം രണ്ടര ലക്ഷം യൂണിറ്റ് കാര്‍ ഉല്‍പ്പാദനശേഷിയുള്ള പ്ലാന്റാണ് സുസുകിയുടേതായി ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഇതേ ശേഷിയില്‍ മറ്റൊരു പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. 2019-ഓടെ ഈ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും.

മാത്രമല്ല, മൂന്നാമതൊരു കാര്‍ നിര്‍മ്മാണശാല കൂടി ഗുജറാത്തില്‍ സ്ഥാപിക്കുമെന്നും സുസുകി ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.

ഈ പ്ലാന്റിനും വര്‍ഷംതോറും രണ്ടര ലക്ഷം യൂണിറ്റ് കാര്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷിയുണ്ടാകും. ഇതോടെ ഗുജറാത്തില്‍ നിന്ന് പ്രതിവര്‍ഷം ഏഴര ലക്ഷം കാറുകള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിയും.

മാരുതിയുടെ ഹരിയാനയിലെ ഫാക്ടറികളില്‍ പതിനഞ്ച് ലക്ഷം കാറുകളാണ് ആകെ ഉല്‍പ്പാദനശേഷി.

മാരുതിയില്‍ 56 ശതമാനം ഓഹരിയാണ് സുസുകി മോട്ടോര്‍ കോര്‍പ്പിനുള്ളത്.

Top