തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന നടപടികളില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമമില്ലാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.ഐ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാരെയും നിയമിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെയാണെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി പ്രതിപക്ഷ നേതാവിനെയും ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതുവരെയുള്ള നിയമനങ്ങള്‍ സുതാര്യവും തൃപ്തികരവുമായിരുന്നു. നല്ല വ്യക്തികളാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ നിയമനത്തിന് കൃത്യമായ ഒരു നടപടിക്രമം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ 324 വകുപ്പ് പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിന് നിയമനിര്‍മാണം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമനത്തിന് കൃത്യമായ നിയമമില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും. നിയമന നടപടികളില്‍ സുതാര്യത വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം നിയമ നിര്‍മാണം പാര്‍ലമെന്റിന്റെ അധികാരത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top