ഖാലിദ സിയയ്ക്കു വീണ്ടും തിരിച്ചടി ; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

khaleda-zia

ധാക്ക: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു വീണ്ടും തിരിച്ചടി. അഞ്ചുകൊല്ലം കഠിനതടവിനു ശിക്ഷിക്കപ്പെട്ട സിയയ്ക്കു ജാമ്യം അനുവദിച്ചു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുഖ്യ പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) അധ്യക്ഷയാണു ഖാലിദ.

ഭര്‍ത്താവും ബംഗ്ലദേശ് മുന്‍ പ്രസിഡന്റുമായിരുന്ന സിയാവുര്‍ റഹ്മാന്റെ പേരിലുള്ള അനാഥാലയ ട്രസ്റ്റിലേക്കു വിദേശത്തു നിന്ന് ലഭിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിമറി നടത്തിയെന്ന കേസിലാണ് മുന്നു തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദയെ ഫെബ്രുവരി എട്ടിന് പ്രത്യേക കോടതി ശിക്ഷിച്ചത്.

ഈ കേസില്‍ സിയയ്ക്കു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവാണ് മേയ് എട്ടു വരെ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. അഴിമതിക്കേസില്‍ കഴിഞ്ഞദിവസം ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു കേസില്‍ സിയയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടപെടല്‍ കൂടിയായതോടെ സിയയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്.

Top