നീറ്റ് പരീക്ഷയ്‌ക്കെതിരെ നടക്കുന്ന സമരങ്ങള്‍ സുപ്രീം കോടതി നിരോധിച്ചു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്‌ക്കെതിരെ നടക്കുന്ന സമരങ്ങള്‍ സുപ്രീം കോടതി നിരോധിച്ചു.

സമരത്തില്‍ പങ്കെടുക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

അനിത ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നീറ്റ് പരീക്ഷയില്‍ തഴയപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാസം ഒന്നിനാണ് അനിത ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടിലെ ക്രമസമാധാനം നിലനിര്‍ത്തണമെന്നും അനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യചെയ്ത പെണ്‍കുട്ടി പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കില്‍ 1176 മാര്‍ക്ക് നേടിയിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ 700-ല്‍ 76 മാര്‍ക്ക് മാത്രമാണ് അനിതയ്ക്ക് നേടാന്‍ സാധിച്ചത്.

താനടക്കമുള്ള തമിഴ്‌നാട്ടിലെ ഗ്രാമീണ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി നീറ്റ് മത്സര പരീക്ഷാഫലം തകര്‍ത്തെറിയുകയാണെന്ന് ചൂണ്ടിക്കാണിച്ച് നീറ്റ് കേസില്‍ സുപ്രിം കോടതിയില്‍ അനിത കക്ഷി ചേര്‍ന്നിരുന്നു.

Top