സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളില്‍ സി.ബി.ഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേചെയ്തു. സി.ബി.ഐയുടെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് വൈ.ഡി ചന്ദ്രചൂഢ് എന്നിവരുള്‍പ്പെട്ട് ബഞ്ച് വിഷയം പരിഗണിച്ചത്.

കാര്‍ത്തി അടക്കം നാലുപേര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഓഗസ്റ്റ് പത്തിനാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് കാര്‍ത്തി ആരോപണം ഉന്നയിച്ചിരുന്നു.

കാര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ മെയ് 15 നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top