താജ്മഹലിന് സമീപം ബഹുനില പാര്‍ക്കിങിനുള്ള അനുമതി നിക്ഷേധിച്ച് സുപ്രീംകോടതി

ഡല്‍ഹി: ചരിത്ര സ്മാരകമായ താജ്മഹലിന് സമീപത്ത് ബഹുനില പാര്‍ക്കിങിനുള്ള അനുമതി സുപ്രീംകോടതി നിക്ഷേധിച്ചു.

സ്മാരകത്തിന്റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയായി പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി അനുമതി നല്‍കാതിരുന്നത്.

താജ്മഹലിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനം പൊളിച്ചു നിക്കാന്‍ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകനായ എം.സി മെഹ്ത സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എം.ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

താജ്മഹലിന്റെയും സമീപപ്രദേശങ്ങളുടെയും മലിനീകരണം തടയുന്നതിനുള്ള സമഗ്രനയം എന്താണെന്ന് അറിയിക്കാന്‍ യു.പി സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നയം വ്യക്തമാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിക്കാതിരുന്ന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

തുടര്‍ന്ന് കേസ് തുടര്‍വാദത്തിനായി നവംബര്‍ 20 ലേക്ക് മാറ്റുകയായിരുന്നു.

Top