The success of victory over death in Ambili Fatima

കോട്ടയം: രണ്ടോ മൂന്നോ മാസം വരെയേ ജീവനോടെയുണ്ടാകൂവെന്ന് അറിഞ്ഞിട്ടും പരീക്ഷയെന്ന അഗ്നിപരീക്ഷണത്തെ മികച്ച വിജയത്തോടെ മറികടന്ന് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് അമ്പിളി ഫാത്തിമ.

അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട് ജീവന് വേണ്ടി മല്ലിടുന്ന അമ്പിളിയെ തേടി ആശുപത്രി കിടക്കയിലേക്കാണ് വിജയവാര്‍ത്തയെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എംകോം മൂന്നാം സെമസ്റ്റര്‍ ഫലത്തിലാണ് അമ്പിളി 85 ശതമാനം മാര്‍ക്ക് നേടിയത്.

ഈ പരീക്ഷ കഴിഞ്ഞ് പിറ്റേദിവസം തന്നെ അമ്പിളി ചൈന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. മലയാളിയുട കാരുണ്യത്തിന്റെ ഉറവപൊട്ടിയെത്തിയ സാമ്പത്തിക സഹായവും പ്രാര്‍ത്ഥനയുമായിരുന്നു ആശുപത്രി കിടക്കയില്‍ അമ്പിളിയ്ക്ക് കൂട്ട്. ദൈവം അമ്പിളിയെ കാത്തിരുന്നതുപോലെയാണ് ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ നടന്നത്.

മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ഹൃദയവും ശ്വാസകോശങ്ങളും പരിശോധനയില്‍ അമ്പിളിയ്ക്ക് ചേരുന്നതായി. ഒരേ രക്തഗ്രൂപ്പുതന്നെ ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ ആഗസ്ത് 15ന് അമ്പിളി ഫാത്തിമയുടെ ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവച്ചു. കേരള സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹായഹസ്തവുമായി ചെന്നൈയിലെത്തിയിരുന്നു. മൂന്നുമാസവും സൗജന്യമായ താമസവും ഭക്ഷണവും ചെന്നൈയിലെ കെടിഡിസി ഹോട്ടലില്‍ ഒരുങ്ങി. ഹോട്ടല്‍ മുറിയില്‍ അത്യാധുനിക ഐസിയു പോലെ സംവിധാനം ഒരുക്കിയാണ് സര്‍ക്കാര്‍ സഹായിച്ചത്.

മൂന്നുമാസം ആരോഗ്യകരമായി കടന്നുപോയപ്പോള്‍ അമ്പിളി ഫാത്തിമയെ തേടി വീണ്ടും വിധിയുടെ പരീക്ഷണം കാത്തിരുന്നു.

ഡോക്ടര്‍മാരുടെ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിനിടയിലും ശക്തമായ അണുബാധ അമ്പിളിയുടെ ഹൃദയത്തെ ബാധിച്ചു.രക്തം പമ്പ് ചെയ്യുന്ന കുഴലുകളില്‍ നീര്‍ക്കെട്ട്. ഏറ്റവും അടിയന്തിരമായി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമെന്ന് ഡോക്ടര്മാര്‍ നിര്‍ദേശിക്കുന്നു. നവംബര്‍ അഞ്ചിനായിരുന്നു ആ ശസ്ത്രക്രീയ. വളരെ നിര്‍ണായകമായത്.

സര്‍ജറിയ്ക്ക് ശേഷം അഞ്ചുദിവസം അബോധാവസ്ഥയിലായിരുന്നു അമ്പിളി. കേരളത്തിനു പുറമേ ചെന്നൈയിലെയും മലയാളികളുടെ പ്രാര്‍ത്ഥനയില്‍ അമ്പിളി നിറഞ്ഞു. ആ പരീക്ഷണവും അമ്പിളി കടന്നുവന്നു. 12 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം അമ്പിളിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ കാത്തിരുന്നത് എംകോം വിജയത്തിന്റെ അറിയിപ്പ്.

ambili-fathima.jpg.image.784.410

2-ാം വയസില്‍ ബോധം കെട്ടു വീണതോടെയാണ് അമ്പിളിയുടെ കഥ വിധി മാറ്റിയെഴുതി തുടങ്ങിയ വിവരം മാതാപിതാക്കള്‍ അറിയുന്നത്. അമ്പിളിയുടെ ഹ്യദയത്തിലൊരു സുക്ഷിരം. ഹ്യദയത്തിന്റെ മുകളിലെ അറയിലെ ഈ സുക്ഷിരം വഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമാണ് അമ്പിളിയ്ക്ക്. ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയാണ് അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം.

ശസ്ത്രക്രീയയ്ക്കു പണമില്ലാത്തതിനാല്‍ 22 വയസുവരെ ചികില്‍സിച്ചും വിലകൂടിയ മരുന്നു വാങ്ങിയും ജിവന്‍ നിലനിര്‍ത്തി.കിടപ്പാടം വരെ വിറ്റു. സാധാരണ സ്വകാര്യസര്‍വെ ജോലികള്‍ ചെയ്യുന്ന ബഷീറ് കൂട്ടിയാല്‍ കൂടുന്നതായിരുന്നില്ല ചികില്‍സാ ചിലവ്. 22 വയസ് എന്നത് നിര്‍ണായകമായത് ഡോക്ടര്‍മാരുടെ വിധിയെഴുത്തിലൂടെയാണ്. ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഈ സ്ഥിതിയില്‍പോലും മുന്നോട്ടുപോകാനാകില്ല.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പ്രാരംഭമായി തന്നെ നാല്‍പത് ലക്ഷം രൂപ കെട്ടിവയ്ക്കണം. ഇപ്പോള്‍ പടികയറാന്‍ പോലുമാകാത്തതിനാല്‍ കോളജ് അധികൃതര്‍ എപ്പോഴും ശുദ്ധവായു ലഭിക്കുന്ന മരങ്ങള്‍ക്കടുത്തുള്ള ക്ലാസുമുറിയിലാണ് അമ്പിളിയെ ഇരുത്തിയിരിക്കുന്നത്. എപ്പോഴും അമ്പിളി ബോധം മറഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ അത് നോക്കി മാറിമാറി കാവലിരിക്കുമായിരുന്നു സഹപാഠികള്‍ കോളജില്‍.

അമ്പിളിയുടെ ഈ ദുരന്തകഥ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായപ്പോള്‍ അമ്പിളിയുടെ ഹ്യദയമിടിപ്പിന് കരുത്താകാന്‍ അനേകായിരം സ്‌നേഹ ഹൃദയങ്ങള്‍ പിന്തുണയുമായി എത്തുകയായിരുന്നു.

news

രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞതോട അമ്പിളിയുട ജീവന്‍ തിരിച്ചുപിടിക്കാന്‍ വേണ്ടിവന്നത് ഒരു കോടി കോടി രൂപയ്ക്കടുത്താണ്. മലയാളികള്‍ അകമഴിഞ്ഞു നല്‍കിയ 70 ലക്ഷം രൂപ ആദ്യ സര്‍ജറിയില്‍ തന്നെ കഴിഞ്ഞിരുന്നു. ദിവസവും മരുന്നിന് തന്നെ പതിനായിരത്തോളമാണ് വേണ്ടിവരുന്നത്. ഓരോ ദിവസം പരിശോധനയ്ക്ക് ലാബുകളില്‍ ചെലവ് മുപ്പതിനായിരം രൂപവരെയാണ് ഇപ്പോഴും വേണ്ടിവരുന്നത്. അമ്പിളിയുട മാതാപിതാക്കളായ ബഷീറും ഷൈലയും അഹാരം പോലും ഒരു നേരമാക്കി ചുരുക്കി പണം ചെലവാക്കിയാണ് ഇപ്പോഴും ദിവസവും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

അമ്പിളിയുട പേരില്‍ സഹപാഠികള്‍ എസ്ബിടി സിഎംഎസ് കോളജില്‍ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടിലേക്ക് ഇപ്പോഴുമെത്തുന്ന ചെറിയ തുകയാണ് അമ്പിളിയുടെ ചികില്‍സയ്ക്ക് ആകെയുള്ള കൈത്താങ്.

സഹായിക്കണമെന്ന് താല്‍പര്യമുള്ളവര്‍ക്ക് താഴെക്കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. Phone: 9447314172

അക്കൗണ്ട് നമ്പര്‍-67122456912, ifsc code SBTR0000484

(കടപ്പാട്: മനോരമ)

Top