പിടിവാശിയുടെ നിയമ പോരാട്ടത്തിനു വേണ്ടി സര്‍ക്കാര്‍ ഖജനാവിനു നഷ്ടം 20.4 ലക്ഷം . . !

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്ത് അവരോധിക്കാതിരിക്കാനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തുലച്ചത് 20.4 ലക്ഷം രൂപ.

പാളി പോയ നിയമ പോരാട്ടത്തിനായി അഭിഭാഷകര്‍ക്കു നല്‍കിയ ഫീസാണ് ഇത്രയും വലിയ തുകയെന്നാണ് വിവരാവകാശ രേഖയില്‍ നിന്നും വ്യക്തമാകുന്നത്.

sen 1

വിധിക്കെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍, സെന്‍കുമാറിന്റെ കോടതി അലക്ഷ്യ ഹര്‍ജി, സര്‍ക്കാരിന്റെ ക്‌ളാരിഫിക്കേഷന്‍, റിവിഷന്‍ ഹര്‍ജികള്‍ എന്നിവയ്ക്കായി അഭിഭാഷകര്‍ക്കും ഒരു സ്റ്റാന്‍ഡിംഗ് കോണ്‍സലിനുമായി 20,14,560 രൂപ ഫീസ് നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി ) ഓഫീസ് ശുപാര്‍ശ ചെയ്തതാണ് ഈ തുക.

സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ നാല് ഘട്ടങ്ങളിലായി സര്‍ക്കാര്‍ കാണിച്ച പിടിവാശിമൂലമാണ് ഫീസിനത്തില്‍ മാത്രം ഇത്രയും തുക നല്‍കേണ്ടി വരിക. ഹരീഷ് സാല്‍വെ, ബി.പി റാവു, സിദ്ധാര്‍ത്ഥ് ലൂത്ര, ജയ്ദീപ് ഗുപ്ത എന്നീ സീനിയര്‍ അഭിഭാഷകരേയും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി.പ്രകാശിനെയുമാണ് കേസിനായി എ.ജി ചുമതലപ്പെടുത്തിയത്.

സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കണമെന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിന് പകരം സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഹരീഷ് സാല്‍വേയും പി.പി റാവുവുമാണ് അന്ന് ഹാജരായത്. തുടര്‍ന്ന് സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയപ്പോള്‍ ജയ്ദീപ് ഗുപ്ത ഹാജരായി. വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ഹാജരായത്. റിവിഷന്‍ ഹര്‍ജിയില്‍ ജയദീപ് ഗുപ്ത വീണ്ടും ഹാജരായി.

അഭിഭാഷകര്‍ പറയുന്നത് കൊടുക്കും

സുപ്രീകോടതിയിലെ കേസുകളില്‍ പ്രാധാന്യം അനുസരിച്ച് എ.ജിയാണ് സീനിയര്‍ അഭിഭാഷകരെ നിയമിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകന്‍ മഹേഷ് വിജയന് സര്‍ക്കാര്‍ നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. മുന്‍കൂട്ടി ഫീസ് നിശ്ചയിക്കാറില്ല. അഭിഭാഷകര്‍ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയാണ് പതിവ്. ഉത്തരവ് ലഭിക്കാത്തതിനാല്‍ പണം നല്‍കിയിട്ടില്ല.

ഇനിയുമുണ്ട് ചെലവ്

ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് 25,000 രൂപയും സീനിയര്‍ ഗവണ്‍മെന്റ് പ്‌ളീഡര്‍ വി.മനുവിന് വിമാനയാത്രക്കൂലിയായി 20,488 രൂപയും നല്‍കി. ചീഫ് സെക്രട്ടറി നളിനി നെറ്റോ, പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി, സെക്ഷന്‍ ഓഫീസര്‍ എ.ജെ.വിഷ്ണു എന്നിവര്‍ കേസിന്റെ ആവശ്യത്തിനായി ഡല്‍ഹിക്ക് പോയതിന്റെ ചെലവ് വേറെ.

അഭിഭാഷകരുടെ ഫീസ്

അപ്പീല്‍ ഹര്‍ജി

ഹരീഷ് സാല്‍വേ -10 ലക്ഷം

പി.പി.റാവു – 4.40 ലക്ഷം

ജി.പ്രകാശ് – 14,554
കോടതി അലക്ഷ്യ ഹര്‍ജി

ജയ്ദീപ് ഗുപ്ത – 2.20 ലക്ഷം

ജി.പ്രകാശ് – 2846
ക്‌ളാരിഫിക്കേഷന്‍ ഹര്‍ജി

സിദ്ധാര്‍ത്ഥ് ലൂത്ര -2.20 ലക്ഷം

റിവിഷന്‍ ഹര്‍ജി

ജയ്ദീപ് ഗുപ്ത -1.10 ലക്ഷം

ജി.പ്രകാശ് – 7160

 

Top