ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ സമയം നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആധാറും പാന്‍ കാര്‍ഡൂം തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.

ഈ മാസം 30ന് ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം.

അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നതായി ഐടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി.

ഒരു മാസമെങ്കിലും സമയം നീട്ടി നല്‍കണമെന്നാണു ആവശ്യം.

ആധാര്‍- പാന്‍ കാര്‍ഡുകളിലെ രേഖകളിലെ വ്യത്യാസം കാരണം ബന്ധിപ്പിക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ അക്ഷയകേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും സര്‍ക്കാരിനു കൈമാറിയ കത്തില്‍ ഐടി മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

ആധാറിലെ തെറ്റുകള്‍ തിരുത്താന്‍ കൂടുതല്‍ ആളുകളെത്തിയതോടെ സോഫ്റ്റ്‌വെയറില്‍ ഉണ്ടായ പ്രശ്‌നങ്ങളും കത്തില്‍ പറഞ്ഞിട്ടുണ്ട്.

വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അനുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ കത്ത് ഇന്നു കൈമാറും.

Top