നടനോടും സംവിധായകനോടും ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു !

കൊച്ചി: പ്രമുഖ നടനെയും സംവിധായകനെയും ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചതായി സൂചന.

ആക്രമിക്കപ്പെട്ട നടിയെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്ത ശേഷമാണ് ഇപ്പോള്‍ നടനെയും സംവിധായകനെയും വിളിപ്പിച്ചിരിക്കുന്നത്.

ഉടന്‍ തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

പ്രധാന സെലിബ്രിറ്റികളാണ് എന്നതിനാല്‍ അതീവ രഹസ്യമായാണ് നീക്കം.

ജയിലില്‍ വച്ച് പള്‍സര്‍ സുനി നടന്റെ സുഹൃത്തായ സംവിധായകനോട് പണം ആവശ്യപ്പെട്ട് എഴുതിയ കത്താണ് വീണ്ടും കേസന്വേഷണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

സംവിധായകനും നടന്റെ ഡ്രൈവറിനും പണമാവശ്യപ്പെട്ട് വന്ന ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് താരം കൈമാറുമെന്നാണ് സൂചന. 1.5 കോടി രൂപയാണ് പേരു പറയാതിരിക്കാന്‍ പ്രതിഭാഗത്തു നിന്നും ആവശ്യപ്പെട്ടിരുന്നതത്രെ.

പ്രതിയുടെ ഭാഗത്ത് നിന്നും കത്തെഴുതിയതും നടനുമായി ബന്ധപ്പെട്ടവരെ സമീപിച്ചതും എന്തിനാണെന്നതിനാണ് പ്രധാനമായും പൊലീസ് ഉത്തരം തേടുന്നത്.

നടന് സംഭവത്തില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതോടൊപ്പം തന്നെ മന:പൂര്‍വം നടനെ ടാര്‍ഗറ്റ് ചെയ്തതാണോ എന്നതും പരിശോധിക്കുന്നുണ്ട്.

സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സനോട് നടിയെ ആക്രമിച്ചവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത് സംബന്ധിച്ച മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ചാര്‍ളി എന്ന വ്യക്തിയോട് 50,000 രൂപ കടം ആവശ്യപ്പെട്ട സമയത്തും സമാനമായ വെളിപ്പെടുത്തല്‍ പള്‍സര്‍ സുനി നടത്തിയിരുന്നു.

എന്നാല്‍ ഇതേ കുറിച്ച് പൊലീസ് ചോദിച്ചപ്പോള്‍ മാധ്യമങ്ങളില്‍ പ്രമുഖ നടന്റെ പേര് കണ്ടതിനാലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു മറുപടി.

പൊലീസിന്റെ ഇപ്പോഴത്തെ നീക്കത്തിനെതിരെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നതായും സൂചനകളുണ്ട്.

അതേസമയം പള്‍സര്‍ സുനി ജയിലില്‍ വച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്തായിരിക്കുകയാണ്. സഹതടവുകാരനായ വിഷ്ണു മുഖാന്തിരമാണ് പള്‍സര്‍ സുനി കത്ത് കൊടുത്തു വിട്ടത്.

കത്തിന്റെ പകര്‍പ്പ്IMG-20170624-WA027IMG-20170624-WA025

വളരെ ബുദ്ധിമുട്ടിയാണ് താന്‍ ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവും അറിയില്ലെന്നും തുടങ്ങുന്നതാണ് കത്ത്.

തന്റെ സുഹൃത്തു വഴി കത്തിന്റെ കോപ്പി ലഭിച്ചിരുന്നതായി ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഫോണ്‍ റെക്കോഡുകള്‍ക്കൊപ്പം കത്തും ദിലീപ് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നതായി ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Top