ദുബായിലെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നു

ദുബായ്: ദുബായില്‍ നിര്‍മ്മാണം പൂര്‍ത്തിയായ അല്‍ തുറയ ബഹിരാകാശ നിരീക്ഷണ കേന്ദ്രം അടുത്ത മാസം തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

50 മില്യണ്‍ ദിര്‍ഹം ചെലവാക്കി നിര്‍മ്മിച്ച ആസ്‌ട്രോണമി സെന്ററിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 15-ന് ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനായിരിക്കും പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക.

രണ്ട് വര്‍ഷം മുന്‍പാണ് പദ്ധതി പ്രഖ്യാപിക്കുന്നത്. ബഹിരാകാശം നിരീക്ഷിക്കാനുള്ള സൗകര്യത്തിനൊപ്പം ക്ലാസ്മുറികളും ലാബുകളും ചേര്‍ന്ന അക്കാദമിയും ഇവിടെയുണ്ട്.

കൂടാതെ, പുറത്തുനിന്ന് നിരീക്ഷിക്കാനുള്ള സൗകര്യവും, 100 സീറ്റുകളുള്ള തിയേറ്ററും, കഫേയും, ലൈബ്രറിയുമെല്ലാം ഉണ്ട്. അല്‍ മുഷ്‌റിഫ് പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന 2,696 സ്‌ക്വയര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം 2015 ലാണ് ആരംഭിച്ചത്.

മാത്രമല്ല, മര്‍മൗര്‍ മരുഭൂമിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ആസ്‌ട്രോണമി റിസോര്‍ട്ട് അടുത്ത വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

ബഹിരാകാശ നിരീക്ഷണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി പേര്‍ എത്തുന്ന സാഹചര്യത്തിലാണ് മേഖലയെ ശക്തമാക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്.

ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പില്‍ നിലവില്‍ 7000 അംഗങ്ങളാണുള്ളത്. പുതിയ സെന്ററിന് വേണ്ടി 40 പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

അടുത്ത നൂറ്റാണ്ടില്‍ ചൊവ്വയില്‍ നഗരം പണിയുന്നതിനുള്ള യുഎഇയുടെ സ്വപ്‌ന പദ്ധതിയായ മാര്‍സ് 2117 പ്രൊജക്റ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരുന്നത് സെന്ററിലൂടെയായിരിക്കും.

Top