The rule; Next to no more matches? Concern in Tamil Nadu

ചെന്നൈ: നാടകീയ സംഭവങ്ങൾക്കൊടുവിൽ തമിഴകത്തിന്റെ ഭരണം പിടിച്ച അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിന്റെ അടുത്ത നീക്കം തിരിച്ചടി?

വിശ്വാസവോട്ട് ലഭിക്കാതിരിക്കാൻ എംഎംൽഎമാർ താമസിച്ച കൂവത്തൂർ റിസോർട്ടിൽ നടന്ന പൊലീസ് റെയ്ഡ്, ശശികലയെ പ്രതിയാക്കിയെടുത്ത കേസ് …. തുടങ്ങി കണക്ക് തീർക്കാൻ മുഖ്യമന്ത്രി പളനി സാമിക്ക് മുന്നിൽ നിരവധി കാര്യങ്ങളാണ് ഉള്ളത്.

ശശികലയെ പരപ്പന അഗ്രഹാര ജയിലിൽ സന്ദർശിച്ചതിനു ശേഷം പളനി സാമി സർക്കാർ ‘ വിശ്വരൂപം ‘ കാട്ടുമെന്നാണ് പറയപ്പെടുന്നത്.

ജയിലിൽ തന്നെ സന്ദർശിക്കാനെത്തുന്ന മുഖ്യമന്ത്രിക്ക് മുന്നിൽ ശശികല വയ്ക്കുന്ന നിർദ്ദേശങ്ങളായിരിക്കും പ്രധാനമായും നടപ്പാക്കപ്പെടുക.

കോൺഗ്രസ്സ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളോട് അണ്ണാ ഡിഎംകെ സർക്കാർ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.

കർണ്ണാടകം ഭരിക്കുന്നത് കോൺഗ്രസ്സ് സർക്കാറായതിനാൽ അവരെ പിണക്കാൻ ശശികല ബംഗുളുരു ജയിലിൽ കിടക്കുന്നിടത്തോളം പളനിസാമി സർക്കാർ തയ്യാറാവില്ലന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിഗമനം. അതുപോലെ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയോടും’ വിട്ടുവീഴ്ച ‘ ചെയ്തേക്കും.

വിശ്വാസ വോട്ടെടുപ്പിനെ എതിർക്കുന്ന കാര്യത്തിൽ പോലും കോൺഗ്രസ്സ് നേതൃത്വത്തിൽ ഭിന്നതയുണ്ടായിരുന്നു. നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഒടുവിൽ സഖ്യകക്ഷിയായ ഡിഎംകെയുടെ കൂടെ നിൽക്കാൻ തീരുമാനമായത് തന്നെ.

പ്രതിപക്ഷത്തെ ബഹളമുണ്ടാക്കിയതിന് സ്പീക്കർ പുറത്താക്കിയത് കോൺഗ്രസ്സിലെ ‘ധർമ്മ ‘സങ്കടക്കാർക്ക് ഒരനുഗ്രഹമായി മാറുകയായിരുന്നു.

രഹസ്യ വോട്ടെടുപ്പ് നടന്നാൽ അണ്ണാ ഡിഎംകെയിൽ ഭിന്നിപ്പുണ്ടാകുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നതെങ്കിൽ കോൺഗ്രസ്സിലെ ചില അംഗങ്ങളുടെ പിന്തുണ അത്തരമൊരു ഘട്ടത്തിൽ അണ്ണാ ഡിഎംകെയും പ്രതീക്ഷിച്ചിരുന്നു.

പനീർശെൽവമുൾപ്പെടെ അവിശ്വാസത്തെ എതിർത്ത 11 അണ്ണാ ഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നടപടി സ്വീകരിക്കാനാണ് ശശികല വിഭാഗത്തിന്റെ തീരുമാനം.

പാർട്ടിയെ ചൊൽപ്പടിയിലാക്കുന്നതിനായി ശ്രമം നടത്തുന്ന പനീർശെൽവ വിഭാഗത്തെ ഭരണ സംവിധാനമുപയോഗിച്ച് പളനിസാമി സർക്കാർ നേരിടാനിറങ്ങുന്നതോടെ ഇരു അണ്ണാ ഡിഎംകെ വിഭാഗങ്ങളും തമ്മിലുള്ള വൻ സംഘർഷത്തിനാണ് തമിഴകം ഇനി സാക്ഷ്യം വഹിക്കുക.

മുൻ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ കരുണാനിധിയെ പോലും അടിവസ്ത്രത്തോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ധൈര്യം കാണിച്ച ജയലളിതയുടെ പിൻമുറക്കാരാണ് ഇരുവിഭാഗവും എന്നതിനാൽ ഇനി എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ.

പനീർശെൽവ വിഭാഗത്തെ രാഷ്ട്രീയപരമായും ഭരണപരമായും അടിച്ചമർത്തുന്ന ശൈലിയായിരിക്കും പളനിസാമി സർക്കാർ സ്വീകരിക്കുക എന്ന ആശങ്ക പനീർശെൽവ വിഭാഗത്തിനുണ്ട്.

ഐ എ എസ് – ഐ പി എസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പനീർശെൽവത്തോട് അടുപ്പമുള്ളവരെ മാറ്റാനും ശശികല വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. ഉന്നതതല നിയമനങ്ങളിൽ ശശികലയുടെ താൽപര്യങ്ങളായിരിക്കും നടപ്പാക്കപ്പെടുക.

Top