എസ്.എഫ്.ഐ കോട്ടകളില്‍ പിടിമുറുക്കാന്‍ എ.ബി.വി.പിക്ക് ആര്‍.എസ്.എസ് നിര്‍ദ്ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശം.

സി.പി.എമ്മിലേക്ക് യുവാക്കളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നത് എസ്.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംഘടനകളില്‍ നിന്നായതിനാല്‍ ഇതേ രൂപത്തില്‍ എ.ബി.വി.പി വഴി സംഘപരിവാര്‍ സംഘടനകളിലേക്ക് വിദ്യാര്‍ത്ഥികളെയും യുവാക്കളേയും ആകര്‍ഷിക്കാനാണ് പദ്ധതി.

ഡി.വൈ.എഫ്.ഐയെ പോലെ ഭാരതീയ ജനത യുവമോര്‍ച്ച സംസ്ഥാനത്ത് സജീവമല്ലങ്കിലും എ.ബി.വി.പി സാനിധ്യം സംസ്ഥാനത്തെ മിക്ക കോളജുകളിലും ശക്തമാണെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

20732760_1987406614828536_1034879712_n

ഒറ്റക്ക് തിരുവനന്തപുരം എം.ജി കോളജ് അടക്കം 14 കോളജ് യൂണിയനുകളില്‍ ഭരണം കയ്യാളുകയും അര ലക്ഷത്തിനടുത്ത് അംഗങ്ങളുമുള്ള എ.ബി.വി.പിയുടെ നേതൃത്വത്തോട് വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സജീവമാകാനാണ് സംഘം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സി.പി.എം അധികാരത്തിലിരിക്കുമ്പോള്‍ എസ്.എഫ്.ഐക്ക് പഴയ പോലെ പ്രക്ഷോഭ രംഗത്തിറങ്ങാന്‍ കഴിയില്ല എന്നത് അനുകൂലമാക്കി ഉപയോഗപ്പെടുത്താനാണ് ഉപദേശം.

ബി.ജെ.പി ഉള്‍പ്പെടെ സംഘപരിവാറിലെ എല്ലാ സംഘടനകളും എ.ബി.വി.പിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താനും സോഷ്യല്‍ മീഡിയയെ പരമാവധി പ്രയോജനപ്പെടുത്താനും പ്രത്യേക സംവിധാനം തന്നെ വേണമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്.

വിദ്യാര്‍ത്ഥി സമൂഹത്തില്‍ ആവേശം പടര്‍ത്തുന്ന പ്രചരണ രീതി പിന്തുടരാന്‍ കര്‍മ്മ പദ്ധതി തന്നെ എ.ബി.വി.പി തയ്യാറാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

20707427_1987430134826184_107941042_n

കാമ്പസുകളിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലും ഇനി മുതല്‍ എ.ബി.വി.പി കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

എസ്.എഫ്.ഐ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണെങ്കില്‍ എ.ബി.വി.പി രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കാമ്പസുകളില്‍ പ്രചരണത്തിന് ഈ യാഥാര്‍ത്ഥ്യം പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് തീരുമാനം.

കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ തളര്‍ച്ചയും എസ്.എഫ്.ഐ യുടെ പരിമിതിയും ലക്ഷ്യമിട്ട് നടക്കുന്ന ഈ നീക്കം വീണ്ടും കാമ്പസുകളില്‍ സംഘര്‍ഷത്തിന് വഴിവയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

തിരുവനന്തപുരം എം.ജി.കോളജില്‍ എസ്.എഫ്.ഐ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊട്ടി പുറപ്പെട്ട സംഘര്‍ഷം തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ സാഹചര്യത്തില്‍ എ.ബി.വി.പിയുടെ പുതിയ നീക്കത്തോട് എസ്.എഫ്.ഐ എങ്ങനെ പ്രതികരിക്കുമെന്നതും പ്രസക്തമാണ്.

Top