പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി

pm-modi

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ഹാജരാകാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോദി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.

നിങ്ങള്‍ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞാനെന്റെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറും. പിന്നീട് എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. അടുത്ത തവണ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് എംപിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മാത്രമായിരിക്കുമെന്നാണ് മോദിയുടെ മുന്നറിയിപ്പ്.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ ഭേദഗതികളോടെ ബില്ല് പാസാകുകയായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്.

സംഭവം ബിജെപിയെ വെട്ടിലാക്കിയതില്‍ പ്രധാനമന്ത്രി അമര്‍ഷം അറിയിച്ചിരുന്നു. സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപി എംപിമാരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

സഭ ചേരുമ്പോള്‍ ആവശ്യത്തിന് ബിജെപി അംഗങ്ങള്‍ ഹാജരാകാത്തത് നേരത്തെയും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Top