രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണം ; രജനിയുടെ രാഷ്ട്രീയപ്രവേശം ദുരന്തമോ ?

rajanikanth

കോടമ്പാക്കം: ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്ന് സൂപ്പര്‍ താരം രജനീകാന്ത്.

കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി തുടരുന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന സൂചനകള്‍ക്ക് കരുത്തുപകര്‍ന്നായിരുന്നു സംസാരം.

ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല, അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല ഇതില്‍ മാറ്റം വരുത്തണമെന്ന്‌ രജനി പറഞ്ഞു.

താന്‍ കര്‍ണാടകയില്‍ 23 വര്‍ഷവും തമിഴ്‌നാട്ടില്‍ 43 വര്‍ഷവും ജീവിച്ചു. കര്‍ണ്ണാടകക്കാരനായ തന്നെ തമിഴനെന്നു അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

തമിഴനല്ലെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന്‌ സ്വാമി പറഞ്ഞിരുന്നു.

ബിജെപിയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കേന്ദമന്ത്രി പൊന്‍രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു രജനീകാന്ത് നേരത്തെ നല്‍കിയ മറുപടി. പറയാനുള്ളതു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ബിജെപിയുടെ ക്ഷണം നിരാകരിക്കാന്‍ അദ്ദേഹം തയറാകാത്തത് ഡിഎംകെ, അണ്ണാ ഡിഎംകെ, കോണ്‍ഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാലു ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ആരാധക സംഗമം ഇന്ന് അവസാനിക്കും.

Top