ദിനോസര്‍ കാലഘട്ടത്തിലെ പക്ഷിക്കുഞ്ഞ് ആമ്പറില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി

ത്തുകോടി വര്‍ഷംമുമ്പ് ദിനോസര്‍ കാലഘട്ടത്തിലെ ഒരു പക്ഷിക്കുഞ്ഞ് മ്യാന്‍മറില്‍ ഒരു വലിയ കഷണം ആമ്പറില്‍ ( മായലൃ ) കുടുങ്ങിയ നിലയില്‍ കണ്ടെത്തി.

പ്രാചീനകാലത്തെ പക്ഷികളെക്കുറിച്ചും ജീവലോകത്തെപറ്റിയും പുതിയ ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുന്ന നല്ലൊരു അവസരമാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് കൈവന്നിരിക്കുന്നത്.

പത്തുകോടി വര്‍ഷംമുമ്പ് ആമ്പര്‍ പശയില്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട ആ ജീവിയുടെ തൂവലുകളും മാംസഭാഗങ്ങളും നഖങ്ങളുമെല്ലാം ഒരുകേടും കൂടാതിരിക്കുന്നു എന്നകാര്യം ഗവേഷകരെ ആവേശഭരിതരാക്കിയിരിക്കുന്നു.

‘ഓപ്പോസിറ്റ് ബേര്‍ഡ്‌സ്’ ( ‘opposite birds’ ) എന്ന് പേരുള്ള പ്രാചീന പക്ഷിയിനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്‌.ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പൂര്‍ണമായ സ്‌പെസിമിന്‍ ആണിതെന്ന് പഠനസംഘത്തില്‍പെട്ട റയാന്‍ മക്‌കെല്ലര്‍ പറഞ്ഞു.
പൂര്‍ണമായ ഇത്തരമൊന്ന് കണ്ടെത്തുക അത്ഭുതപ്പെടുത്തുന്നതാണെന്നും കാനഡയില്‍ ‘റോയല്‍ സാസ്‌കാച്ചവാന്‍ മ്യൂസിയ’ത്തിലെ ഗവേഷകനായ മക്‌കെല്ലര്‍ ചൂണ്ടിക്കാട്ടി.
inside-photo

മുട്ട വിരിഞ്ഞ് അധികം കഴിയാതെ പക്ഷിക്കുഞ്ഞ് കൂട്ടിനുള്ളില്‍ നിന്ന് പശക്കുഴിയില്‍ വീഴുകയും, ടാറുപോലുള്ള അതിനുള്ളില്‍ മുങ്ങി കുടുങ്ങുകയും ചെയ്തിരിക്കാം ഗവേഷകര്‍ സംശയിക്കുന്നത്.

പ്രാചീനലോകത്തെക്കുറിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ മനസിലാക്കിയിട്ടുള്ളത്, ഇത്തരത്തില്‍ ആമ്പര്‍ പശയില്‍പെട്ട് കേടുകൂടാതെ സൂക്ഷിക്കപ്പെടുന്ന സ്‌പെസിമിനുകളില്‍ നിന്നാണ്. പോയകാലത്തിന്റെ പ്രതിനിധികളായ പ്രാണികളും എട്ടുകാലികളുമൊക്കെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്.

പ്രസിദ്ധമായ ‘ജുറാസിക് പാര്‍ക്’ സിനിമയില്‍ ക്ലോണ്‍ചെയ്യാനുള്ള ദിനോസര്‍ ഡി.എന്‍.എ. ലഭിക്കുന്നത് ആമ്പറിനുള്ളല്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട കൊതുകിനുള്ളിലെ രക്തത്തില്‍ നിന്നാണ്.ഇങ്ങനെ ഡി.എന്‍.എ.കിട്ടുമോ എന്നത് ഇപ്പോഴും ശാസ്ത്രലോകത്തെ തര്‍ക്കവിഷയാണ്.

എന്നാല്‍, മരപ്പശയില്‍ ചെറുജീവികള്‍ കുടുങ്ങുകയും കാലങ്ങളോളം അതില്‍ കേടുപറ്റാതെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രം ഇപ്പോഴും ശാസ്ത്രലോകത്തിന് പൂര്‍ണമായി പിടികിട്ടിയിട്ടില്ല. പശയ്ക്കുള്ളില്‍ കുടുങ്ങുന്ന ജീവി, ശരിയായ മര്‍ദ്ദവും താപനിലയുമുണ്ടെങ്കില്‍ കട്ടിയാകാന്‍ തുടങ്ങി ഉറഞ്ഞ് കട്ടപിടിച്ച് ഒടുവില്‍ ‘കോപ്പല്‍’ ( copal ) എന്ന പദാര്‍ഥമായി പരിണമിക്കുന്നു. മരപ്പശ എത്രകാലം കൊണ്ട് കോപ്പല്‍ ആകുമെന്നോ, അതെത്ര കാലം കഴിഞ്ഞാല്‍ ആമ്പറെന്ന് വിളിക്കാന്‍ കഴിയുന്ന രൂപത്തിലാകുമെന്നോ ഉള്ള കാര്യം ഇപ്പോഴും വ്യക്തമല്ല.

ഇപ്പോള്‍ ആമ്പറിനുള്ളില്‍ കണ്ടെത്തിയ പക്ഷിക്കുഞ്ഞിന്റെ ശരീരം കാഴ്ചയ്ക്ക് നല്ല നിലയിലാണെങ്കിലും, അതിന്റെ ശരീരം മിക്കവാറും ശുദ്ധ കാര്‍ബണായി വിഘടിച്ച് കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ട് അതിന്റെ ഡി.എന്‍.എ. വീണ്ടെടുക്കുക അസാധ്യമായേക്കും.

‘ഓപ്പോസിറ്റ് ബേര്‍ഡ്‌സ്’ എന്ന പേരിലറിയപ്പെടുന്ന പ്രാചീനപക്ഷിയിനമായ ‘Enantiornithines’ വിഭാഗത്തില്‍ പെട്ടതാണ് ആമ്പറില്‍ കണ്ടെത്തിയ പക്ഷി.

Top