മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

oli

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി ഇന്ത്യയിലെത്തി. നേപ്പാള്‍ പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രാധിക ശാക്യയും മന്ത്രിമാരും എംപിമാരും സെക്രട്ടറിമാരും ചില ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കേന്ദ്ര ധനവകുപ്പ് സഹമന്ത്രി എസ്.പി.ശുക്ലയും നേപ്പാള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

നേപ്പാളും ഇന്ത്യയും നേരത്തെ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പലതും പിന്നാട് തടഞ്ഞുവെക്കപ്പെടുകയോ അല്ലെങ്കില്‍ ഭേദഗതി ആവശ്യപ്പെടുകയോ ചെയ്തവയായിരുന്നു. നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ നേരത്തെയുണ്ടായ ഉടമ്പടികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇന്ത്യന്‍ എംബസിയുടെ നയതന്ത്ര സ്വീകരണത്തിന് ശേഷം ഇന്ത്യയിലെ നേപ്പാളി ബിസിനസ് വിഭാഗവുമായും ഒലി ഇന്ന് ചര്‍ച്ച നടത്തും.

സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ എത്തി ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി എം.വെങ്കയ്യാ നായിഡുവുമായും കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിക്കും.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നേപ്പാള്‍ പ്രധാനമന്ത്രിക്കും സംഘത്തിനും മോദി വിരുന്നൊരുക്കും. ഇന്ത്യയും നേപ്പാളും തമ്മില്‍ വൈരുദ്ധ്യങ്ങളുടെ വികാരം വളര്‍ത്തിയെടുക്കുന്ന നടപടികള്‍ കൈക്കൊള്ളില്ലെന്ന് കാഠ്മണ്ഡുവില്‍ പ്രതിനിധി സഭ ഉപസമിതിയില്‍ മാര്‍ച്ച് 3ന് ഒലി പറഞ്ഞിരുന്നു.

എന്നാല്‍ മധ്യപടിഞ്ഞാറന്‍ നേപ്പാളില്‍ 250 കോടി ഡോളര്‍ ചെലവില്‍ ചൈന നിര്‍മ്മിക്കുന്ന ബുധി ഗാന്ദകി ഡാം പദ്ധതിയുടെ പേരില്‍ ചില അസ്വാരസ്യങ്ങളും ഇന്ത്യയ്ക്കുണ്ട്. നേപ്പാളില്‍ അണക്കെട്ടുകള്‍ പണിയാന്‍ ചൈനക്ക് അനുവാദം നല്‍കുകയാണെങ്കില്‍ ഇന്ത്യ അവിടെ നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മോദി ഓലിയെ അറിയിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മധ്യപടിഞ്ഞാറന്‍ നേപ്പാളില്‍ 250 കോടി ഡോളര്‍ ചെലവില്‍ ചൈന നിര്‍മ്മിക്കുന്ന ബുധി ഗാന്ദകി ഡാം പദ്ധതിയാണ് പ്രധാനമായും ഇന്ത്യയെ ചൊടിപ്പിച്ചത്. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമാല്‍ ദഹലാണ് ഈ പദ്ധതി ചൈനീസ് കമ്പനിയായ ഗെഷൗബയ്ക്ക് കൈമാറിയത്.

ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുഷ്പ കമാല്‍ ദഹലില്‍ നിന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്ത നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹദൂര്‍ ദ്യൂബ നവംബറില്‍ പദ്ധതി കരാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഓലി പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ മാസം ഒരു ചൈനീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു.

Top