മുസ്ലിം വിവാഹ ഉടമ്പടി മാതൃക പ്രധാനമന്ത്രിക്ക് കൈമാറി

ന്യൂഡല്‍ഹി: മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പുതിയ മുസ്ലിം വിവാഹ ഉടമ്പടിയുടെ മാതൃക പ്രധാനമന്ത്രിയ്ക്ക് കൈമാറുകയും, വിവാഹ ഉടമ്പടി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഷൈസ്ത അറിയിച്ചു.

ആധികാരികത ഉറപ്പുവരുത്തുന്നതിനായാണ് വിവാഹ ഉടമ്പടി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതായും എത്രയും പെട്ടെന്ന് ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷൈസ്ത അംബര്‍ വ്യക്തമാക്കി.

ഏറെക്കാലമായി വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ ആവശ്യപ്പെട്ടവരികയാണ്. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് നടപ്പില്‍വരുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

മുത്തലാഖുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിവാഹ ഉടമ്പടിയില്‍ മുത്തലാഖ് അനുവദിക്കാനാവില്ലെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിവാഹസമയത്ത് സ്ത്രീകള്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തുവുന്നതാണെമന്ന് മുസ്ലിം ലോ ബോര്‍ഡും നിലപാട് സ്വീകരിച്ചിരുന്നു.

Top