ഏറ്റവും വില കുറഞ്ഞ ബിഎംഡബ്ല്യു ബൈക്കുകള്‍ G310 R, G310 GS ഇന്ത്യയില്‍

വാഹന പ്രേമികള്‍ കാത്തിരുന്ന ഏറ്റവും വില കുറഞ്ഞ ബി എം ഡബ്ല്യു ബൈക്കുകള്‍ G310 R, G310 GS ഇന്ത്യയില്‍ എത്തി. 2.99 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു G310 R -ന് വില. 3.49 ലക്ഷം രൂപ വിലയില്‍ അഡ്വഞ്ചര്‍ മോഡല്‍ G310 GS വിപണിയില്‍ ലഭ്യമാകും.

ബി എം ഡബ്ല്യുവും ടിവിഎസും സംയുക്തമായി വികസിപ്പിച്ച ബൈക്കുകളാണിത്. ടി വി എസ് അപാച്ചെ RR310 പിറന്നതും ഇതേ കൂട്ടായ്മയില്‍ നിന്നാണ്. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നും രൂപകല്‍പന നിര്‍വഹിച്ച ബൈക്കുകളെ ടി വി എസിന്റെ ഹൊസൂര്‍ നിര്‍മ്മാണശാലയില്‍ നിന്നാണ് ബി എം ഡബ്ല്യു പുറത്തിറക്കുന്നത്.

ബിഎംഡബ്ല്യു G310 R

ബി എം ഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R. 41 mm അപ്സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്.

BMW--G310-R

110/70 R17 ടയറുകള്‍ മുന്നിലും 150/60 R17 ടയറുകള്‍ പിന്നിലും ബൈക്കില്‍ ഒരുങ്ങുന്നു. 300 mm ഡിസ്‌ക് മുന്നില്‍ ബ്രേക്കിംഗ് നിര്‍വഹിക്കുമ്പോള്‍ 200 mm ഡിസ്‌ക്കിനാണ് പിന്നില്‍ ബ്രേക്കിംഗ് ചുമതല. ഭാരം 158.5 കിലോ. സ്റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ലഭ്യമാവുക.

ബിഎംഡബ്ല്യു G310 GS

ബിഎംഡബ്ല്യു നിരയില്‍ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക്. G310 R -ലുള്ള എഞ്ചിന്‍ തന്നെയാണ് G310 GS -ലും. അഡ്വഞ്ചര്‍ ബൈക്കുകളില്‍ കണ്ടുവരുന്ന ബീക്ക് ഫെന്‍ഡറും എഞ്ചിന് സംരക്ഷണമേകുന്ന ബാഷ് ബ്ലേറ്റും ഉയര്‍ത്തിയ എക്സ്ഹോസ്റ്റ് സംവിധാനവും മോഡലിന്റെ പ്രധാന വിശേഷങ്ങളാണ്.

BMW--G310-GS

പിറകില്‍ പ്രത്യേക ലഗ്ഗേജ് റാക്കും കമ്പനി നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓപ്ഷനല്‍ ആക്സസറിയായി ടോപ് ബോക്സ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാം. 110/80, 150/70 ടയറുകളാണ് ബൈക്കിന് മുന്നിലും പിന്നിലും. 19 ഇഞ്ചാണ് മുന്‍ വീലിന്റെ വലുപ്പം. പിന്‍ വീലിന് 17 ഇഞ്ചും വലുപ്പമുണ്ട്. റേസിംഗ് റെഡ്, പേള്‍ വൈറ്റ് മെറ്റാലിക്, കോസ്മിക് ബ്ലാക് നിറശൈലികള്‍ മോഡലില്‍ ലഭ്യമാണ്.

ഇരു ബൈക്കുകളിലുമുള്ള 313 സിസി റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 145 കിലോമീറ്ററാണ് G310 R -ന്റെ പരമാവധി വേഗം.

ഭാരം കൂടുതലുള്ളതിനാല്‍ G310 GS -ന് വേഗത ഒരല്‍പം കുറയും. 30 മുതല്‍ 35 കിലോമീറ്റര്‍ മൈലേജ് ബൈക്കുകള്‍ കാഴ്ചവെക്കുമെന്നാണ് വിവരം. വിപണിയില്‍ കെടിഎം 390 ഡ്യൂക്കാണ് ബിഎംഡബ്ല്യു G310 R -ന്റെ മുഖ്യഎതിരാളി.

മോഡലുകളുടെ ബുക്കിംഗ് ജൂണ്‍ ആദ്യവാരം മുതല്‍ ബി എം ഡബ്ല്യു മോട്ടോറാഡ് തുടങ്ങിയിരുന്നു. ബുക്കിംഗ് തുക 50,000 രൂപ. ബുക്ക് ചെയ്ത് ആളുകള്‍ക്ക് ഇന്നുമുതല്‍ G310 R, G310 GS മോഡലുകളെ കമ്പനി കൈമാറും.

Top