ജോലിയുടെ അവസാന ദിവസം അവിസ്മരണീയമാക്കി ; വെള്ളകുതിരയിലേറി ടെക്കി

techy

ബെംഗളൂരു: നമ്മുടെ നാട്ടിലെ ടെക്കികള്‍ എങ്ങനെയാവും ജോലിക്കെത്തുക. കാറിലോ, ബൈക്കിലോ, ചിലപ്പോള്‍ ബസിലോ ഒക്കെ ആയിരിക്കും ജോലി സ്ഥലത്തെത്തുക. അപൂര്‍വം ചിലര്‍ മാത്രം ഓട്ടോറിക്ഷയിലും. നമ്മുടെ കൊച്ചിയില്‍ ടെക്കികള്‍ ഇങ്ങനെ നടക്കുമ്പോള്‍ രാജ്യത്തെ വന്‍ മെട്രോസിറ്റിയായ ബംഗളുരുവിലെ ടെക്കികളുടെ കാര്യമോ. ഇതൊക്കെ തന്നെയാവും എന്ന് പറയാന്‍ വരട്ടെ. തന്റെ ജോലിയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ബെംഗളൂരുവിലെ ഒരു ടെക്കി ഓഫീസിലെത്തിയത് വ്യത്യസ്തമായിട്ടായിരുന്നു.

വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരയ്ക്ക് മേല്‍ ഒരു ചെത്ത് പയ്യന്‍ പ്രധാന റോഡിലൂടെ കുതിച്ച് പായുന്നത് കണ്ടാണ് കഴിഞ്ഞ ദിവസം അവനെ ബെംഗളൂരു നിവാസികള്‍ ശ്രദ്ധിച്ചത്. പലരും ഫോട്ടോയെടുത്തു, പലരും ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു. എന്തൊക്കെയായാലും സംഭവം വൈറലായി. എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന രൂപേഷ് കുമാറാണ് ഒരു ദിവസം കൊണ്ട് വൈറലായത്. രുപേഷ് തന്റെ അവസാന ജോലി ദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനെതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്.

സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ജോലിവിടാന്‍ തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു തന്റെ അവസാന ജോലി ദിനം അവിസ്മരണീയമാക്കി രൂപേഷ് വെള്ളക്കുതിരയിലേറി ഓഫീസിലെത്തിയത്.

ഓഫീസ് പരിസരത്തുവച്ച് കുതിരയെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെങ്കിലും തന്റെ യാത്രാ വാഹനമാണിതെന്ന് ചൂണ്ടിക്കാട്ടി പാര്‍ക്കിങ്ങിലേക്ക് പ്രവേശിക്കുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ നഗരത്തിലെ അന്തരീക്ഷ മലിനീകരണവും, ഗതാഗത സ്തംഭനവും അനുഭവിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. പലപ്പോഴും 30-40 മിനിട്ട് വരെ റോഡില്‍ കുടുങ്ങാറുണ്ട്. ഇതിനെതിരേ ഒരു ബോധവത്കരണം എന്ന നിലയിലാണ് താന്‍ കുതിരപ്പുറത്തേറി വന്നതെന്ന് രൂപേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Top