സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ; കര്‍ദ്ദിനാളും സുപ്രീംകോടതിയിലേക്ക്

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

അതേസമയം, കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസിയായ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ക്രൈസ്തവരായ ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കരുതെന്നുമാണ് ആവശ്യം.
ഭൂമി ഇടപാടു വിഷയത്തില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് എഫ് ഐ ആര്‍ റദ്ദാക്കാനും തുടര്‍ അന്വേഷണം സ്റ്റേ ചെയ്യാനും കഴിഞ്ഞ വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് കേസിലെ പരാതിക്കാരില്‍ ഒരാളായ മാര്‍ട്ടിന്‍ പയ്യപ്പിള്ളില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍. ജോര്‍ജ് ആലഞ്ചേരി, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍,ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിങ്ങനെ നാലുപേരാണ് കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

ഇതില്‍ സാജു വര്‍ഗീസിന് എതിരായ എഫ് ഐ ആര്‍ റദ്ദാക്കിയതിന് എതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കര്‍ദിനാളോ മറ്റുള്ളവരോ കേസില്‍ കുറ്റക്കാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സാജു വര്‍ഗീസ് കര്‍ദിനാളിനെ ചതിക്കുകയായിരുന്നെന്ന് തനിക്ക് ബോധ്യമുണ്ടെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ തന്നെ സാജു വര്‍ഗീസിന് എതിരായ എഫ് ഐ ആര്‍ റദ്ദാക്കരുതെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം

Top