The Infighting in Samajwadi Party ; BJP Got the possibility

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് ഏറ്റവുമധികം എംപിമാരെ തിരഞ്ഞെടുക്കുന്ന നിര്‍ണ്ണായക സംസ്ഥാനത്തിന്റെ ഭരണം ബിജെപിക്ക് ഇനി കൈയ്യെത്തും ദൂരത്ത്.

ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് അയോദ്ധ്യയടക്കം ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ ഭരണം വീണ്ടും കാവിപ്പടയുടെ കൈകളിലേക്ക് പോവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ പരമോന്നത നേതാവും അഖിലേഷ് യാദവിന്റെ പിതാവുമായ സാക്ഷാല്‍ മുലാംയംസിങ്ങ് യാദവ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ സഹോദരന്‍ ശിവപാലിനൊപ്പം നിന്നിട്ടും അദ്ദേഹമടക്കം നാല് മന്ത്രിമാരെ പുറത്താക്കിയ നടപടി സമാജ്‌വാദി പാര്‍ട്ടിയിലിപ്പോള്‍ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

നേരത്തെ അഖിലേഷ് യാദവ് ശിവപാല്‍ യാദവ് കൈകാര്യം ചെയ്ത വകുപ്പുകള്‍ മാറ്റിയത് പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ മുലാംസിങ്ങ് ഇടപെട്ടാണ് വകുപ്പ് തിരികെ കൊടുപ്പിച്ചിരുന്നത്.

മുന്‍പ് പാര്‍ട്ടി വിട്ട മുന്‍ എംപിയും വ്യവസായിയുമായ അമര്‍സിങ്ങിനോട് അടുപ്പമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ നീക്കമാണ് അഖിലേഷ് യാദവിനെ പ്രകോപിതനാക്കിയത്.

മുഖ്യമന്ത്രിയെ ശക്തമായി പിന്‍തുണക്കുന്ന എംഎല്‍സി ഉദയ്‌വീര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയും ഭിന്നതക്ക് ആക്കം കൂട്ടി.

പാര്‍ട്ടിയും സര്‍ക്കാരും രണ്ട് തട്ടിലായതോടെ ഉത്തര്‍പ്രദേശില്‍ വന്‍ പ്രതിസന്ധിയാണ് സമാജ്‌വാദി പാര്‍ട്ടി അഭിമുഖീകരിക്കുന്നത്.

സര്‍ക്കാരില്‍ മാത്രമല്ല പാര്‍ട്ടിയിലും ഭൂരിപക്ഷം അഖിലേഷിന്റെ കൂടെയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

175 പാര്‍ട്ടി എംഎല്‍എമാരാണ് അഖിലേഷിനെ പിന്‍തുണക്കുന്നത്.

യുപി ഭരണം പിടിക്കാന്‍ ബിജെപിയും ബിഎസ്പിയും കോണ്‍ഗ്രസ്സുമെല്ലാം ശക്തമായി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ പാളയത്തിലെ പട സമാജ് വാദിയുടെ നില ദയനീയമാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ലക്ഷങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ റാലി നടത്തി മുന്‍മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി ശക്തമായി തിരിച്ച് വരുമെന്ന സൂചന നല്‍കിയത് അടുത്തയിടെയാണ്.

റോഡ് ഷോ നടത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സും മുന്നേറ്റം നടത്തിയെങ്കിലും യുപി പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ്സിന് അപ്രതീക്ഷിത തിരിച്ചടിയായി.

അഖിലേഷ് യാദവുമായോ മായാവതിയുമായോ സഖ്യമാവുക എന്നത് മാത്രമാണ് കോണ്‍ഗ്രസ്സിന് മുന്നില്‍ നിലവിലെ സാഹചര്യത്തിലുള്ള ഏക പോംവഴി.

ബിജെപിയാകട്ടെ മുന്‍മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിങ്ങിനെ വീണ്ടും കളത്തിലിറക്കാനുള്ള നീക്കത്തിലാണ്.

ദേശീയ തലത്തില്‍ രാജ്‌നാഥ് സിങ്ങിനുള്ള പ്രതിച്ഛായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായും. ആര്‍എസ്എസ് നേതൃത്വത്തിനും ഇതേനിലപാട് തന്നെയാണ്.

റീത്ത ബഹുഗുണ ജോഷി പാര്‍ട്ടിയിലേക്ക് വന്നതും നേട്ടമാകുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍.

സമാജ്‌വാദി പാര്‍ട്ടിയിലെ നിലവിലെ ആഭ്യന്തര സംഘര്‍ഷം പരമാവധി ഉപയോഗപ്പെടുത്താന്‍ യുപി ബിജെപി ഘടകത്തിന് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ ഫലം 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാല്‍ അയോദ്ധ്യ പ്രശ്‌നമടക്കം പ്രചരണ വിഷയമാക്കാനും സംഘ്പരിവാറിന് പദ്ധതിയുണ്ട്.

Top