ഇന്ത്യന്‍ നായകന് ചരിത്ര നേട്ടം, സച്ചിനൊപ്പമെത്താന്‍ ഇനി അല്പദൂരം

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത് ചരിത്ര നേട്ടം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറിയെന്ന നാഴികകല്ലും വിരാട് കൊഹ്‌ലി പിന്നിട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ 18-ാം സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്.

119 പന്തില്‍ നിന്ന് 104 റണ്‍സാണ് കൊഹ്‌ലി അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 32 സെഞ്ച്വറിയാണ് കൊഹ്‌ലിയുടെ സമ്പാദ്യം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ പിന്നിടുന്ന 8-ാമത്തെ താരമാണ് കൊഹ്‌ലി.

100 സെഞ്ച്വറികളുള്ള സച്ചിനാണ് പട്ടികയില്‍ മുന്നില്‍. 71 സെഞ്ച്വറികളുമായി റിക്കിപോണ്ടിംഗ് രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ സംഗക്കാരയാണ് മുന്നാം സ്ഥാനത്ത്.

സമകാലികരില്‍ 54 സെഞ്ച്വറികളുള്ള ഹാഷിം ആംലയാണ് കൊഹ്‌ലിക്ക് മുന്നിലുള്ള ഏകതാരം.

എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്‍ മാത്രമാണ് കൊഹ്‌ലിക്കു മുന്നിലുള്ളത്.

കൊഹ്‌ലി സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

Top