യുപിയിലെ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് തട്ടം വിലക്കിയ സംഭവം ; വിവാദം പുകയുന്നു

ബരാബങ്കി: മുസ്ലിം വിദ്യാര്‍ത്ഥിനികളെ തട്ടം ധരിക്കുന്നതില്‍ നിന്നും വിലക്കിയ ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ വിവാദത്തില്‍.

ബരാബങ്കിയിലെ ആനന്ദ് വിഹാര്‍ സ്‌കൂളിലാണ് യൂണിഫോമില്‍ തട്ടം ഉള്‍പ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ തട്ടം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ അപേക്ഷയിലെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

ന്യൂനപക്ഷ പദവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളോടെ നടത്തുന്ന മിഷണറി സ്‌കൂളാണ് ആനന്ദ് വിഹാര്‍.

തട്ടം ധരിക്കാന്‍ അനുമതി ചോദിച്ച് ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് മൊഹമ്മദ് ആര്‍. റിസ്‌വി നല്‍കിയ കത്തിന് പ്രിന്‍സിപ്പല്‍ അര്‍ച്ചനാ തോമസ് നല്‍കിയ മറുപടി ഇങ്ങനെ:

‘ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ള സ്‌കൂളാണ്. പല ന്യൂനപക്ഷ വിഭാഗവും ഇവിടെ പഠിക്കുന്നു. ഒരു സമുദായത്തിനു മാത്രമായി പ്രത്യേക നിയമം സാധ്യമല്ല. സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തില്‍ നിയമം മാറ്റാനാവില്ല. നിങ്ങളുടെ കുട്ടിക്ക് അസൗകര്യമാണെങ്കില്‍ മുസ്ലിം സ്‌കൂളില്‍ ചേര്‍ക്കുക.’

എന്നാല്‍, കിന്റര്‍ഗാര്‍ഡന്‍ മുതല്‍ കുട്ടി പഠിക്കുന്ന സ്‌കൂളാണെന്നും, ഇസ്ലാമിക നിയമമനുസരിച്ച് ഒമ്പതുവയസു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തലമറച്ച് തട്ടമിടണമെന്നും റിസ്‌വി വ്യക്തമാക്കി.

മാത്രമല്ല, സിഖ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തലപ്പാവ് അനുവദിച്ചിരിക്കുന്നുവെന്നും റിസ്‌വി പറയുന്നു.

ഈ വിഷയത്തില്‍ റിസ്‌വി ജില്ലാ മജിസ്‌ട്രേറ്റിനെയും സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ സഹായിക്കാനാവില്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞതായും റിസ്‌വി അറിയിച്ചു.

അതേസമയം, കുട്ടിയോട് സ്‌കൂള്‍ വിട്ടു പോകാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും, സിഖ് വിദ്യാര്‍ത്ഥികളൊന്നും സ്‌കൂളില്‍ പഠിക്കുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.

Top